ഈ മാസം 31 ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സിനെ നയിക്കുന്നത് ധവനാണ്. ഐപിഎല്ലില്‍ യുവാക്കളെ വെല്ലുന്ന പ്രകടനം പുറത്തെടുത്താന്‍ സെലക്റ്റര്‍മാര്‍ക്ക് കണ്ണടയ്ക്കാനാവില്ല.

മൊഹാലി: ഇന്ത്യന്‍ വെറ്ററന്‍ താരമായ ശിഖര്‍ ധവാന് ദേശീയ ടീമിലേക്കുള്ള വഴി ഏതാണ്ട് അടഞ്ഞ മട്ടാണ്. നിലവില്‍ ഏകദിന ടീമിനൊപ്പമാത്രമാണ് ധവാന്‍. എന്നാല്‍ യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഫോമിലായതോടെ ധവാനെ പരിഗണിക്കേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം 34.40 ശരാശരിയിലും 74.21 പ്രഹരശേഷിയലും മാത്രം റണ്‍സടിച്ച ധവാനെ ഒഴിവാക്കി ബംഗ്ലാദേശ് പര്യടനത്തില്‍ കിഷനും ഗില്ലിനുമാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. സീനിയര്‍ താരങ്ങള്‍ വിട്ടു നില്‍ക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയെ ഏകദിനങ്ങളില്‍ നയിച്ചതും ധവാനായിരുന്നു. എന്നാല്‍ കിഷനും ഗില്ലും ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയതോടെ ധവാന്റെ വഴിയടഞ്ഞു.

ഈ മാസം 31 ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സിനെ നയിക്കുന്നത് ധവനാണ്. ഐപിഎല്ലില്‍ യുവാക്കളെ വെല്ലുന്ന പ്രകടനം പുറത്തെടുത്താന്‍ സെലക്റ്റര്‍മാര്‍ക്ക് കണ്ണടയ്ക്കാനാവില്ല. ഇതിനിടെ രാഷ്ട്രീയത്തിലിറങ്ങുമോ എന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ധവാന്‍. രാഷ്ട്രീയ പ്രവേശനത്തോട് അദ്ദേഹം മുഖം തിരിച്ചില്ല. ധവാന്റെ വാക്കുകള്‍... ''നിലവില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള പദ്ധതികളൊന്നും എനിക്കില്ല. എന്നാല്‍ ഭാവിയില്‍ വിധി അങ്ങനെയാണെങ്കില്‍ ഞാനൊരു ശ്രമം നടത്തും. 

രാഷ്ട്രീയത്തില്‍ വരാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ അങ്ങോട്ട് പോയി ആരോടും സംസാരിച്ചിട്ടില്ല. എന്റെ പദ്ധതികളെ കുറിച്ചും ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നാല്‍ ദൈവഹിതം എന്താണെന്ന് ആര്‍ക്കുമറിയില്ല. അങ്ങനെയൊന്ന് വിധിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ നേടും. ഏത് മേഖലയിലായാലും 100 ശതമാനം നല്‍കാനാണ് ഞാന്‍ ശ്രമിക്കാറ്. വിജയങ്ങള്‍ എനിക്ക് പിന്നാലെ വരാറുമുണ്ട്. എന്റെ 11-ാം വയസ് മുതല്‍ ഞാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. എല്ലാ മേഖലകളിലും അതിന്റേതായ വിജയമന്ത്രമുണ്ട്.'' ധവാന്‍ പറഞ്ഞു. 

ഗില്ലും കിഷനും ഏകദിന ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാമെന്ന ധവാന്റെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് മങ്ങലേറ്റത്. ഇന്ത്യക്കായി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ധവാന്‍ കളിച്ചിട്ടുണ്ട്. ഏകദിനങ്ങളില്‍ 6793 റണ്‍സ് നേടിയിട്ടുള്ള ധവാന്‍ വരുന്ന ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്റെ നായകനുമാണ്. ഐപിഎല്ലില്‍ 206 മത്സരങ്ങളില്‍ 6243 റണ്‍സാണ് ധവാന്‍ നേടിയത്.

അത്ര മോശമെന്നല്ല, ശരാശരിക്കും താഴെ! ഇന്‍ഡോര്‍ പിച്ചിന്റെ റേറ്റിംഗില്‍ മാറ്റം, ഡീമെറിറ്റ് പോയിന്റും ചുരുക്കി