സൊരാവര്‍ നീ കറുത്തവനാണ്, കറുത്തവനായി തന്നെ തുടരൂ എന്നായിരുന്നു ആരാധകന്റെ കമന്റ്. 

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ മകന്റെ നിറവുമായി ബന്ധപ്പെട്ട് കമന്റ് ചെയ്തയാള്‍ക്ക് രൂക്ഷ മറുപടിയുമായി ധവാന്റെ ഭാര്യ അയേഷ ധവാന്‍ രംഗത്ത്. അയേഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മകന്‍ സൊരാവറിന്റെ ചിത്രത്തിന് താഴെയാണ് ആരാധകന്‍ കമന്റ് ചെയ്തത്. സൊരാവര്‍ നീ കറുത്തവനാണ്, കറുത്തവനായി തന്നെ തുടരൂ എന്നായിരുന്നു ആരാധകന്റെ കമന്റ്.

എന്നാല്‍, മകന്റെ നിറത്തെ പരാമര്‍ശിച്ച കമന്റ് അയേഷക്ക് ഇഷ്ടമായില്ല. തൊലിനിറത്തെക്കുറിച്ച് എന്തിനാണ് ഇത്ര ആകുലത എന്നായിരുന്നു അയേഷയുടെ ചോദ്യം. 'തൊലിയുടെ നിറം ഇത്ര ഗൗരവത്തോടെ കാണുന്നത് അതിശയമുണ്ടാക്കുന്നത്. ഒരു മനുഷ്യന്‍ കറുത്തവനോ വെളുത്തവനോ ഏത് നിറത്തിലുള്ളവനോ ആയിരുന്നതുകൊണ്ട് എന്ത് വ്യത്യാസമാണ് ഉണ്ടാകുക. ഈ നാട്ടിലെ ആളുകളുടെ നിറം ബ്രൗണ്‍ ആണെന്നിരിക്കെ ആ നിറത്തോടുള്ള താല്‍പര്യക്കുറവ് എന്നെ അത്ഭുതപ്പെടുത്തുന്നു. സ്വന്തം വ്യക്തിത്വത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ് ഈ നടപടി. സത്യത്തെ നിങ്ങള്‍ എത്രമാത്രം തള്ളിപ്പറയുന്നുവോ അത്രയും നിങ്ങള്‍ വേദനിക്കും'-അയേഷ കുറിച്ചു. 

View post on Instagram

ഇതോടെ ആരാധകന്‍ കമന്റ് പിന്‍വലിച്ചു. സ്‌ക്രീന്‍ ഷോട്ട് വെച്ചുള്ള മറുപടി അയേഷയും പിന്‍വലിച്ചു. ലോകത്താകമാനം നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോഴാണ് അയേഷയുടെ മറുപടി എന്നതും ശ്രദ്ധേയം.