ഇസ്ലാമാബാദ്: ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍.  കൊവിഡ് വ്യാപനത്തെ തടയുന്നതിന് ഫണ്് കണ്ടെത്താനായിട്ടാണ് പരമ്പര നടത്തണമെന്ന് അക്തര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ് ഉന്നയിച്ചത്. കൊറോണക്കാലത്ത് ക്രിക്കറ്റ് മത്സരം നടത്തി കിട്ടുന്ന പണം ഞങ്ങള്‍ക്കു വേണ്ടെന്നായിരുന്നു കപിലിന്റെ പ്രതികരണം.

എന്നാല്‍ പറഞ്ഞതിന്റെ അര്‍ത്ഥം കപിലിന് മനസിലായിട്ടില്ലെന്നാണ് അക്തര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലോകം നേരിടാന്‍ പോകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഈ മത്സരത്തെ വളരെ താല്‍പര്യത്തോടെയാകും കാണുക. സ്വാഭാവികമായും നല്ല വരുമാനവും കിട്ടും. അദ്ദേഹത്തിന് പണം ആവശ്യമില്ലെന്നാണ് കപില്‍ പറഞ്ഞത്. അത് ശരിയാണ്. അദ്ദേഹത്തിന് പണത്തിന്റെ ആവശ്യമുണ്ടാകില്ല. പക്ഷേ, മറ്റുള്ളവരുടെ കാര്യം അങ്ങനെയാണോ? എന്റെ നിര്‍ദ്ദേശം ഉടന്‍ തന്നെ എല്ലാവരും ഗൗരവത്തോടെ കാണുമെന്നാണ് വിശ്വാസം. 

പാക്കിസ്ഥാന്‍ കഴിഞ്ഞാല്‍ എനിക്കേറ്റവും കൂടുതല്‍ സ്‌നേഹവും പരിഗണനയും ലഭിച്ചിട്ടുള്ളത് ഇന്ത്യയില്‍നിന്നാണ്. ഇന്ത്യയിലെ ജനങ്ങള്‍ എനിക്കുതന്ന സ്‌നേഹം എക്കാലവും  മനസിലുണ്ട്. ഹിമാചല്‍ പ്രദേശ് മുതല്‍ കേരളം വരെയും പിന്നീട് ഉത്തരാഖണ്ഡ വരെയും സഞ്ചരിച്ച ഒരാളാണ് ഞാന്‍. പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയേക്കാള്‍ കൂടുതലായി ഇന്ത്യയെ മനസിലാക്കിയിട്ടുണ്ട്. ഒരു മനുഷ്യനെന്ന നിലയില്‍ ഇവര്‍ക്കെല്ലാം സഹായമെത്തിക്കാനുള്ള കടമ എനിക്കുണ്ട്.'' അക്തര്‍ പറഞ്ഞുനിര്‍ത്തി.