കറാച്ചി: 2003ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 98 റണ്‍സ് എടുത്ത് നില്‍ക്കെ സച്ചിനെ പുറത്താക്കിയതില്‍ ദു:ഖമുണ്ടെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. മത്സരത്തില്‍ അക്തര്‍ എറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്തിലാണ് സച്ചിന്‍ 98 റണ്‍സെടുത്തു നില്‍ക്കെ പുറത്തായത്.

ആ പന്ത് എറിഞ്ഞപ്പോള്‍ മുമ്പ് എനിക്കെതിരെ നേടിയതുപോലെ സച്ചിന്‍ സിക്സര്‍ അടിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ സച്ചിന്‍ ക്യാച്ച് നല്‍കി പുറത്തായി. ആ മത്സരത്തില്‍ സച്ചിന്‍ ശരിക്കും സെഞ്ചുറി അര്‍ഹിച്ചിരുന്നു. കാരണം ഒരു സ്പെഷല്‍ ഇന്നിംഗ്സായിരുന്നു അത്. അദ്ദേഹം സെഞ്ചുറി അടിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. എന്റെ ബൗണ്‍സറില്‍ സച്ചിന്‍ സിക്സറടിക്കുന്നത് കാണാനായിരുന്നു ആഗ്രഹം-അക്തര്‍ ഹലോ ലൈവില്‍ പറഞ്ഞു.

മത്സരത്തില്‍ 72 റണ്‍സ് വഴങ്ങിയ അക്തറിന് സച്ചിന്റെ വിക്കറ്റ് മാത്രമാണ് ലഭിച്ചത്. 75 പന്തില്‍ 98 റണ്‍സടിച്ച സച്ചിന്‍ 12 ഫോറും ഒരി സിക്സറും പറത്തി. സച്ചിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

Also Read: സച്ചിന്റെ ഏകദിന ഡബിള്‍ സ്റ്റെയിനിന്റെ 'ദാനമോ'?; കണക്കുകള്‍ പറയുന്നത്

ക്രിക്കറ്റിലെ ഏറ്റവും കടുപ്പമേറിയ കാലത്താണ് സച്ചിന്‍ കളിച്ചിരുന്നത്. ഇന്നാണ് സച്ചിന്‍ കളിക്കുന്നതെങ്കില്‍ അദ്ദേഹം 1.30 ലക്ഷം റണ്‍സെങ്കിലും നേടുമായിരുന്നു. അതുകൊണ്ടുതന്നെ സച്ചിനെയും വിരാട് കോലിയെയും താരതമ്യം ചെയ്യുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അക്തര്‍ പറഞ്ഞു.

കാണികളെ പ്രവേശിപ്പിക്കാതെ ഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് വധുവില്ലാതെ കല്യാണം നടത്തുന്നതുപോലെയാണെന്നും അക്തര്‍ പറഞ്ഞു. ക്രിക്കറ്റ് ബോര്‍ഡുകളെ സംബന്ധിച്ചിടത്തോളം അത് ലാഭകരമായിരിക്കും. പക്ഷെ കളി മാര്‍ക്കറ്റ് ചെയ്യാന്‍ അതുകൊണ്ടാവില്ല. കാണികളില്ലാതെ എങ്ങനെയാണ് ക്രിക്കറ്റ് മത്സരം നടത്തുക. കാണികളാണ് താരങ്ങളെ ഉണ്ടാക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ കൊറോണ പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.