റാവല്‍പിണ്ടി: ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരില്‍ നിന്ന്  ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ആരെ തെരഞ്ഞെടുക്കുമെന്ന ഇന്ത്യന്‍ ആരാധകന്‍റെ ചോദ്യത്തിന് മറുപടി നല്‍കി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് ആരെയും കുഴക്കുന്ന ചോദ്യവുമായി ബിജയ് കുമാര്‍ എന്ന ഇന്ത്യന്‍ ആരാധകനെത്തിയത്.

എന്നാല്‍ ആരാധകന്‍റെ ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കിയ അക്തര്‍, ദ്രാവിഡിനെയാണ് തന്‍റെ ടീമിലെടുക്കുക എന്ന് വ്യക്തമാക്കി.

സമകാലീന ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന ബാറ്റ്സ്മാന്‍ ആരാണെന്ന ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും പാക് നായകന്‍ ബാബര്‍ അസമിന്‍റെയും പേരുകളാണ് അക്തര്‍ പറഞ്ഞത്.

 

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറാണെന്ന മറ്റൊരു ആരാധകന്‍റെ ചോദ്യത്തിന് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് അക്തര്‍ തെരഞ്ഞെടുത്തത്.