കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായാല്‍ അക്രമണോത്സുകരായ മികച്ച പേസ് ബൗളര്‍മാരെ വാര്‍ത്തെടുക്കാന്‍ തനിക്കാവുമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഹലോ ആപ്പില്‍ ആരാധകരുമായി സംസാരിക്കവെ അക്തര്‍ പറഞ്ഞു.

ഇന്ത്യയുടെ ബൗളിംഗ് പരിശീലകനാവാന്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും ആ ക്ഷണം സ്വീകരിക്കും. കാരണം ഞാന്‍ നേടിയ അറിവുകള്‍ പങ്കിടുക എന്നത് എന്റെ കടമയാണ്. അങ്ങനെ അവസരം ലഭിച്ചാല്‍ ഇന്ത്യയുടെ  നിലവിലെ പേസ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ അക്രമണോത്സുകതയോടെ പന്തെറിയുന്ന, എതിര്‍ ബാറ്റ്സ്മാന്‍മാരെ വാക്കുകള്‍കൊണ്ടും പന്തുകൊണ്ടും വിറപ്പിക്കുന്ന പേസ് ബൗളര്‍മാരെ വാര്‍ത്തെടുക്കാന്‍ എനിക്കാവും.

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറുമാണ്. ഹര്‍ദ്ദിക് പാണ്ഡ്യക്ക് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറാവാനുള്ള പ്രതിഭയുണ്ടെന്നും അക്തര്‍ പറഞ്ഞു. അവസരം വന്നാല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് പരിശീലകനാവാനും തനിക്ക് താല്‍പര്യമുണ്ടെന്ന് അക്തര്‍ പറഞ്ഞു.ഐപിഎല്‍ ആദ്യ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചിട്ടുള്ള താരമാണ് അക്തര്‍. കൊല്‍ക്കത്തക്കായി മൂന്ന് മത്സരങ്ങളില്‍ മാത്രമെ അക്തര്‍ കളിച്ചിട്ടുള്ളു. ഒരു നാലു വിക്കറ്റ് നേട്ടമുള്‍പ്പെടെ അഞ്ച് വിക്കറ്റാണ് ഐപിഎല്ലില്‍ അക്തറുടെ നേട്ടം.

Also Read: എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ഗംഭീര്‍; നിലവിലെ ടീമില്‍ നിന്ന് ഒരാള്‍ മാത്രം

1998ലെ ഇന്ത്യന്‍ പര്യടനത്തിന് വരുമ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഇന്ത്യക്കാര്‍ എത്രമാത്രം ആരാധിക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അക്തര്‍ പറഞ്ഞു. അദ്ദേഹത്തെ മുമ്പ് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ത്യയില്‍ അദ്ദേഹം ദൈവമാണെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് ജനങ്ങള്‍ എത്രമാത്രം ആസ്വദിക്കുന്നുവെന്നും. സച്ചിന്റെ എന്റെ നല്ല സുഹൃത്താണെന്ന കാര്യം മറക്കരുത്. 1998ലെ പരമ്പരയിലെ എന്റെ പരമാവധി വേഗതയില്‍ ഞാന്‍ പന്തെറിഞ്ഞപ്പോള്‍ അത് ഇന്ത്യക്കാര്‍ ആഘോഷിച്ചിരുന്നു. ഇന്ത്യയില്‍ തനിക്ക് വലിയ ആരാധകവൃന്ദം ഉണ്ടെന്നും അക്തര്‍ പറഞ്ഞു.

Also Read: ടെസ്റ്റില്‍ കരുത്തന്മാരെങ്കിലും ഒന്നാം റാങ്കിലെത്തിയിട്ടില്ല; ആ അഞ്ച് താരങ്ങള്‍

തന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നായകനാവണമെന്നാണ് ആഗ്രഹമെന്നും അഖ്തര്‍ പറഞ്ഞു. ഒരു ഗ്യാംഗ്സ്റ്റര്‍ സിനിമയില്‍ അഭിനയിക്കാന്‍ സല്‍മാന്‍ ഖാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും തന്നെ കണ്ടാല്‍ ഗുണ്ടാതലവനെപ്പോലുണ്ടെന്ന് സല്‍മാന്‍ പറഞ്ഞിരുന്നതായും അക്തര്‍ പറഞ്ഞു. പിന്നീട് ഷൈനി അഹൂജ ചെയ്ത വേഷത്തിലേക്കാണ് എന്നെ ക്ഷണിച്ചത്.  ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗുമാണ് ഇന്ത്യന്‍ ടീമിലെ തന്റെ അടുത്ത സുഹൃത്തുക്കളെന്നും അക്തര്‍ വ്യക്തമാക്കി.