കറാച്ചി: മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍ പാക് ക്രിക്കറ്റ് ടീമിന്റെ മുഖ്യസെലക്ടറായേക്കും. പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചയിലാണെന്നും വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അക്തര്‍ പറഞ്ഞു. പാക് ടീമിന്റെ ചീഫ് സെലക്ടറായേക്കുമെന്ന വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കുന്നില്ല. ക്രിക്കറ്റ് ബോര്‍ഡുമായി ചില ചര്‍ച്ചകള്‍ നടത്തിയിരുന്നു.പാക് ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ട്. പക്ഷെ ഒന്നും ഉറപ്പ് പറയാറായിട്ടില്ല-യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.

ക്രിക്കറ്റൊക്കെ മതിയാക്കി സുഖപ്രദമായ ജീവിതം നയിക്കുകയാണ് ഞാനിപ്പോള്‍. എന്നാല്‍ പാക് ക്രിക്കറ്റിന് വേണ്ടി ഇപ്പോഴത്തെ സുഖങ്ങളെല്ലാം ത്യജിക്കാന്‍ ഞാന്‍ തയാറാണ്. മറ്റുള്ളവര്‍ ഉപദേശിക്കുന്നതിനെ ഞാന്‍ പേടിക്കുന്നില്ല. അവസരം വന്നാല്‍ ഞാനത് രണ്ട് കൈയും നീട്ടി സ്വീകരിക്കും. എന്നാല്‍ പാക് ബോര്‍ഡുമായി എന്തു തരത്തിലുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അക്തര്‍ പറഞ്ഞു.

ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഞാനിതുവരെ യെസ് പറഞ്ഞിട്ടില്ല. അവരും പറഞ്ഞിട്ടില്ല. പണത്തിന് വേണ്ടിയല്ല ഈ പദവിയിലേക്ക് വരുന്നത്. എനിക്ക് പ്രതിഫലം നല്‍കേണ്ട. ഈ പദവിയെക്കുറിച്ച് എന്നെക്കാള്‍ മനസിലാക്കിയവരുണ്ടോ എന്നറിയില്ല. പാക് ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന യുവതാരങ്ങളുടെ നിരയെ കണ്ടെത്താന്‍ എനിക്ക് കഴിയും. ചീഫ് സെലക്ടറായാല്‍ ആക്രമണോത്സുകതയോടെ ഭയമില്ലാതെ കളിക്കുന്ന താരങ്ങളെ വളര്‍ത്തിയെടുക്കാനാണ് ഞാന്‍ ശ്രമിക്കുക. വാസിം അക്രത്തെയും ജാവേദ് മിയാന്‍ദാദിനെയും പോലെയുളള മാച്ച് വിന്നേഴ്സിനെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമെന്നും അക്തര്‍ പറഞ്ഞു.

ഇന്ത്യന്‍ താരങ്ങളെ പ്രശംസിച്ചതിന് വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും പറഞ്ഞകാര്യങ്ങള്‍ പിന്‍വലിക്കാന്‍ തയാറല്ലെന്നും അക്തര്‍ പറഞ്ഞു. 70 രാജ്യാന്തര സെഞ്ചുറികളുള്ള വിരാട് കോലി എങ്ങനെയാണ് മികച്ച ബാറ്റ്സ്മാന്‍ അല്ലാതാവുക. മികച്ച പേസ് നിരയെ വളര്‍ത്തിയെടുത്ത ഇന്ത്യക്കായി വിജയങ്ങള്‍ നേടുന്ന നായകനാണ് അദ്ദേഹം. അദ്ദേഹത്തെ പിന്നെയെങ്ങനെയാണ് ഞാന്‍ വിമര്‍ശിക്കുക എന്ന് പറയു. മികച്ച ആസൂത്രണവും ആക്രമണോത്സുകതയുമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുന്നത്. ഉദാഹരണമായി ജസ്പ്രീത് ബുമ്രയെ എടുക്കു. കരിയര്‍ തുടങ്ങിയ കാലത്തുനിന്ന് അദ്ദേഹം എത്രമാത്രം മുന്നേറി. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ എന്താണ് പറയുക-അക്തര്‍ ചോദിച്ചു.

പാക് ടീമിന്റെ മുഖ്യ പരിശീലകനായ മിസ്ബാ ഉള്‍ ഹഖ് തന്നെയാണ് നിലവില്‍ ചീഫ് സെലക്ടറുടെയും ചുമതല വഹിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയതോടെ മിസ്ബ ഏതെങ്കിലും ഒരു പദവി ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അക്തര്‍ തന്നെ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.