കറാച്ചി: പാക് ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്ന് സര്‍ഫറാസ് അഹമ്മദിനെ പുറത്താക്കണമെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി സര്‍ഫറാസിന്റെ ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ് കഴിവുകള്‍ പുറത്തെടുക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ഷൊയൈബ് അക്തര്‍ പറഞ്ഞു.

ഒരു സാഹചര്യത്തിലും ഒരു ഫോര്‍മാറ്റിലും സര്‍ഫറാസ് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരരുത്. സര്‍ഫറാസിന് പകരം ഹാരിസ് സൊഹൈലിനെ ഏകദിനത്തിലും ടി20യിലും ക്യാപ്റ്റനാക്കണമെന്നും ടെസ്റ്റില്‍ ബാബര്‍ അസമിനെ നായകനാക്കണമെന്നും അക്തര്‍ യുട്യൂബ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

ടെസ്റ്റില്‍ ഏറെ റണ്‍സടിച്ചുകൂട്ടിയ താരമാണ് ബാബര്‍ അസം. അതുകൊണ്ടുതന്നെ ബാബറിനെ പരീക്ഷണാടിസ്ഥാനത്തില്‍ ക്യാപ്റ്റനാക്കി നോക്കാവുന്നതാണെന്നും അക്തര്‍ പറഞ്ഞു. ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിനെത്തുടര്‍ന്ന് സര്‍ഫറാസിനെതിരെ മുമ്പും അക്തര്‍ രംഗത്തെത്തിയിരുന്നു. സര്‍ഫറാസിനെ ബുദ്ധിശൂന്യനായ നായകനെന്നും അക്തര്‍ വിളിച്ചിരുന്നു.