പാക്കിസ്ഥാന്‍ മുന്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മാലിക്ക്. ലോകകപ്പില്‍ ഫേവറേറ്റുകളില്ലെന്നും മാലിക്ക്

ലാഹോര്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഫേവറേറ്റുകളില്ലെന്ന് പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷൊയ്‌ബ് മാലിക്ക്. ലോകകപ്പിലെ എല്ലാ ടീമുകളും ശക്തരാണ്. അതിനാല്‍ ഫേവറേറ്റുകളില്ല. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ എല്ലാ ടീമുകളും കിതയ്‌ക്കും. മഴ സാധ്യതകള്‍ ടീമുകള്‍ക്ക് തിരിച്ചടിയായേക്കുമെന്നും പാക്കിസ്ഥാന്‍ സീനിയര്‍ താരം പറഞ്ഞു.

മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന ശക്തമായ ടീമുകളിലൊന്നാണ് മുന്‍ ചാമ്പ്യന്‍മാരായ പാക്കിസ്ഥാന്‍. ലോകകപ്പിന് മുന്‍പ് മാലിക്കിന്‍റെ മോശം ഫോം പാക്കിസ്ഥാന് ആശങ്കയാണ്. എന്നാല്‍ ആ ആശങ്കകളെയും രൂക്ഷ വിമര്‍ശനങ്ങളെയും മാലിക്ക് തള്ളിക്കളയുന്നു. 

താന്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങളെ പിന്തുടരാറില്ല. എന്താണ് അവര്‍ ചര്‍ച്ച ചെയ്യുന്നതെന്ന് ശ്രദ്ധിക്കാറില്ല. തന്‍റെ അവസാന ലോകകപ്പാണ് ഇത്, ടീമില്‍ താനുണ്ടെന്നതാണ് പ്രധാനം. ഇതുവരെ കാഴ്‌ചവെച്ചതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മാലിക്ക് പറഞ്ഞു. 

ചില പാക്കിസ്ഥാന്‍ മുന്‍ താരങ്ങള്‍ക്കെതിരെ മാലിക്ക് തുറന്നടിച്ചു. ക്രിക്കറ്റ് അവതാരകര്‍ക്കെതിരെ പരാതിയില്ല, എന്നാല്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് താരങ്ങളെ തെരഞ്ഞെടുക്കുകയും തഴയുകയും ചെയ്യുന്ന മുന്‍ താരങ്ങളെ അനുകൂലിക്കുന്നിലെന്നും മാലിക്ക് പറഞ്ഞു. വിന്‍ഡീസിനെതിരെ മെയ് 31നാണ് പാക്കിസ്ഥാന്‍റെ ആദ്യ മത്സരം.