കറാച്ചി: വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനാഗ്രഹിക്കുന്ന കളിക്കാരനാണ് എപ്പോഴും ഷൊയൈബ് മാലിക്ക്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹശേഷം ഇരു രാജ്യത്തെയും ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നുമെല്ലാം മാലിക്ക് ശ്രദ്ധാപൂര്‍വം ഒഴിഞ്ഞു മാറാറുമുണ്ട്.

എന്നാല്‍ ഇന്ത്യക്കെതിരായ വിജയ നിമിഷം പങ്കുവെച്ച് മാലിക്ക് കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ക്രിസ്മ്സ് ആശംസ നേര്‍ന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് അത്ര രസിച്ചില്ല. മാലിക്കിന്റെ ആശംസക്ക് മറുപടിയുമായി അവര്‍ രംഗത്തെത്തുകയും ചെയ്തു. 2012 ഡിസംബര്‍ 25ന് ഇന്ത്യക്കെതിരായ ടി20 വിജയത്തിനുശേഷം ധോണിക്കും ഇന്ത്യന്‍ ആരാധകര്‍ക്കുംനേരേ മുഷ്ടി ചുരുട്ടി വിജയം ആഘോഷിക്കുന്ന ചിത്രമാണ് മാലിക് ക്രിസ്മസ് ആശംസ നേര്‍ന്നുകൊണ്ട് പങ്കുവെച്ചത്.

ഇതിന് മറുപടിയുമായാണ് ആരാധകര്‍ രംഗത്തെത്തിയത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഗോള്‍ഡന്‍ ഡക്കായ മാലിക്കിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചായിരുന്നു ആരാധകരുടെ മറുപടി.