വനിത പ്രീമിയര്‍ ലീഗിനിടെ പ്രശസ്‌ത ക്യാമറാമാന്‍റെ അപ്രതീക്ഷിത മരണം, നടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ്, അനുശോചിച്ച് ബിസിസിഐ
ബെംഗളൂരു: വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗിനിടെ (വനിത ഐപിഎല്‍) ഇന്ത്യന്‍ ക്രിക്കറ്റിന് നടുക്കമുണ്ടാക്കി ക്യാമറാമാന്‍റെ അപ്രതീക്ഷിത മരണം. ഇന്നലെ വെള്ളിയാഴ്‌ച രാത്രി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് വനിത-ഡല്‍ഹി ക്യാപ്റ്റല്‍സ് വനിത ഉദ്ഘാടന മത്സരം ചിത്രീകരിച്ച പ്രമുഖ ഇന്ത്യന്‍ സ്പോര്‍ട്‌സ് ഛായാഗ്രാഹകന്‍ കമലാനദിമുത്തു തിരുവള്ളുവന്‍ ആണ് തൊട്ടടുത്ത ദിനം ഇന്ന് രാവിലെ മരണപ്പെട്ടത്. തിരു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കമലാനദിമുത്തു ഇന്ത്യന്‍ ക്രിക്കറ്റ് ബ്രോഡ്‌കാസ്റ്റിംഗ് രംഗത്തെ പരിചയസമ്പന്നനായ ക്യാമറാമാനാണ്.
തിരുവിന്‍റെ അപ്രതീക്ഷിത മരണത്തില്‍ അനുശോചിച്ച് ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ക്യാമറാമാന്‍മാര്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞു. തിരുവിന്‍റെ അപ്രതീക്ഷിത വേര്‍പാടില്‍ പ്രമുഖ കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ നടുക്കം രേഖപ്പെടുത്തി. എന്നും ചിരിച്ച് കണ്ടിട്ടുള്ള തിരു മികച്ച ക്യാമറാമാനായിരുന്നു. ഇന്ത്യന്‍ ക്യാമറാമാന്‍മാര്‍ അധികം റേറ്റ് ചെയ്യപ്പെടാതിരുന്ന കാലത്ത് മികവ് കാട്ടിയ ഛായാഗ്രാഹകനാണ് തിരു എന്നും ഭോഗ്‌ലെ അനുസ‌്മരിച്ചു. എപ്പോള്‍ കണ്ടുമുട്ടുമ്പോഴും തിരുവിന്‍റെ പൂര്‍ണ നാമം ഉച്ചരിച്ചിരുന്നതായും അദേഹം നിറപുഞ്ചിരിയോടെ പ്രതികരിച്ചിരുന്നതായും ഹര്‍ഷ ഭോഗ്‌ലെ ട്വീറ്റില്‍ കുറിച്ചു.
ക്യാമറാമാന്‍ കമലാനദിമുത്തു തിരുവള്ളുവന്‍റെ നിര്യാണത്തില്‍ ബിസിസിഐയും അനുശോചിച്ചു. അദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായി ബിസിസിഐ ട്വീറ്റ് ചെയ്തു.
Read more: മലയാളി പൊളിയല്ലേ! അവസാന പന്തില്‍ സജന സജീവന്‍റെ സിക്സർ ഫിനിഷിംഗ്; മുംബൈ ഇന്ത്യന്‍സിന് ജയത്തുടക്കം
