ഗില്ലിന് പുറമെ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം ശ്രേയസ് അയ്യറാണ്.
നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കോലിയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് കളിച്ചു. ഗില്ലിന്റെ ഓപ്പണിംഗ് സ്ഥാനം യശസ്വി ജയ്‌സ്വാള്‍ ഏറ്റെടുക്കുകയും ചെയ്തു. ജയ്‌സ്വാളിന്റ ഏകദിന അരങ്ങേറ്റമായിരുന്നു ഇന്ന് നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍. 15 റണ്‍സെടുത്ത ജയ്‌സ്വാള്‍ നിരാശപ്പെടുത്തിപ്പോള്‍ ഗില്‍ 87 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കാല്‍മുട്ട് വേദനയെ തുടര്‍ന്നാണ് കോലി ആദ്യ മത്സരത്തില്‍ നിന്ന് പിന്മാറിയത്.
ഗില്ലിന് പുറമെ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം ശ്രേയസ് അയ്യറാണ്. നാലാമതായി ക്രീസിലെത്തിയ താരം 59 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ ആദ്യ ഏകദിനം കളിക്കേണ്ട താരമല്ലായിരുന്നു ശ്രേയസ്. ഇക്കാര്യം അദ്ദേഹം തന്നെയാണ് മത്സരശേഷം വ്യക്തമാക്കിയത്. കോലിക്ക് പരിക്കേറ്റത് കൊണ്ട് മാത്രമാണ് താന്‍ പ്ലേയിംഗ് ഇലവനിലെത്തിയതെന്ന് ശ്രേയസ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞാനിന്ന് കളിക്കേണ്ട താരമല്ലായിരുന്നു. എന്നെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോലിക്ക് പരിക്കേറ്റത് കൊണ്ട് എന്നെ ഉള്‍പ്പെടുത്തുകയായിരുന്നു.'' ശ്രേയസ് പറഞ്ഞു.
മത്സരത്തില്‍ അതിവേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രേയസിന് സാധിച്ചിരുന്നു. 36 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി.16-ാം ഓവറിലെ അവസാന പന്തിലാണ് മടങ്ങുന്നത്. ബേതലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
ശ്രേയസ് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം നേടിയിരുന്നു. 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസിന് പിന്നാല അക്‌സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിംഗ്‌സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
നേരത്തെ അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജോസ് ബ്ടലര്‍ (52), ജേക്കബ് ബേതല്‍ (51) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്.

