ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറെനാള്‍ കുഴക്കിയ നാലാം നമ്പര്‍ പ്രശ്നത്തിന് ഒടുവില്‍ ടീം മാനേജ്മെന്റ് കണ്ടെത്തിയ പരിഹാരമാണ് ശ്രേയസ് അയ്യരെന്ന പാതി മലയാളി. ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍ കൂടിയാണ് ശ്രേയസ്. ഇന്ത്യയുടെ യുവതാരങ്ങള്‍ ഏറെയുള്ള ഡല്‍ഹിയുടെ നായകന്‍ ഇത്തവണ ഐപിഎല്ലില്‍ അത്ഭുതങ്ങള്‍ കാട്ടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് അപ്രതീക്ഷിതമായി ഐപിഎല്‍ മാറ്റിവെക്കേണ്ടിവന്നത്.

തുടര്‍ന്ന് ഐപിഎല്‍ ടീമുകളെല്ലാം തങ്ങളുടെ പരിശീലന ക്യാപുകള്‍ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ പരിശീലന ക്യാംപില്‍ ഫുട്ബോളുകൊണ്ട് ജഗ്ലിംങ് നടത്തുന്ന ഡല്‍ഹി ക്യാപ്റ്റന്റെ വീഡിയോ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തുവിട്ടതോടെ പയ്യാരത്ത് പത്മനാഭന്‍ നായര്‍ രാമനാഥനോട് ചോദിച്ചപോലെ ഓ...ശ്രേയസിന് ഇതും വശമുണ്ടോ എന്ന് ചോദിക്കുകയാണിപ്പോള്‍ ആരാധകര്‍.

ഫുട്ബോള്‍ നിലത്ത് വീഴാതെ കാലുകൊണ്ടും ശരീരംകൊണ്ടും നിയന്ത്രിച്ച് 88 തവണയാണ് അയ്യര്‍ ജഗ്ലിംങ് നടത്തിയത്. സെഞ്ചുറിക്ക് തൊട്ടരികെ പന്ത് കാല്‍വിട്ടെങ്കിലും പന്തടക്കം കൊണ്ട് ഫുട്ബോള്‍ താരങ്ങളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ് ഡല്‍ഹി നായകന്‍.