തിരുവനന്തപുരം: അത്ര നല്ലതായിരുന്നില്ല ഏകദിന ക്രിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ അരങ്ങേറ്റം. ന്യൂസിലന്‍ഡിനെതിരെ ഏകദിന അരങ്ങേറ്റത്തില്‍ ഒമ്പത് റണ്‍സിന് പുറത്തായ ഗില്ലിന് രണ്ടാം ഏകദിനത്തില്‍ ഏഴ് റണ്‍സ് മാത്രമാണെടുത്തത്. എന്നാല്‍ അടുത്തിടെ ഇന്ത്യ എയ്ക്ക് വേണ്ടി പുറത്തെടുത്ത പ്രകടനം താരത്തെ ടെസ്റ്റ് ടീമിലെത്തിച്ചു. 

ഇപ്പോള്‍, ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗില്‍. ''നീല ജേഴ്സിയിലായാലും വെള്ള ജേഴ്സിയിലായാലും രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് വലിയൊരു അംഗീകാരമാണ്. വിരാട് കോലിക്ക് കീഴില്‍ കളിക്കാനാവുന്നതില്‍ സന്തോഷമുണ്ട്. സഹതാരങ്ങള്‍ പറഞ്ഞാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയറിഞ്ഞത്.

കഴിവിന്റെ പരമാവധി പുറത്തെടുക്കും. ഞാന്‍ മാതൃകയാക്കിയ ഒരുപാട് താരങ്ങളുണ്ട്. എന്നാല്‍ അവരെയൊന്നും അനുകരിക്കില്ല. എന്റെതായിട്ടുള്ള പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. യുവരാജ് സിങ്ങാണ് എന്റെ പ്രചോദനം. കഷ്ടപാടും വേദനയും സഹിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് എപ്പോഴും പ്രചോദനം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ കണ്ടാണ് വളര്‍ന്നത്.'' ഗില്‍ വ്യക്തമാക്കി.