Asianet News MalayalamAsianet News Malayalam

റണ്‍വേട്ടയില്‍ രോഹിത്തിനെ മറികടന്ന് ശുഭ്മാന്‍ ഗില്‍! ഇളക്കം തട്ടാതെ വിരാട് കോലി, സുനില്‍ നരെയ്ന് തിരിച്ചടി

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 29 പന്തില്‍ 35 റണ്‍സ് നേടിയതോടെയാണ് ഗില്‍ നാലാമതെത്തിയത്.

shubman gill back to the top five of most runs in ipl 2024
Author
First Published Apr 22, 2024, 12:42 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോര് കടുപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 18 റണ്‍സിന് പുറത്തായെങ്കിലും ഒന്നാം സ്ഥാനത്താണ് കോലി. എട്ട് മത്സരങ്ങളില്‍ 379 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 63.17 ശരാശരിയിലും 150.40 സ്‌ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 

കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 32 പന്തില്‍ 89 റണ്‍സ് നേടിയതോടെയാണ് ഹെഡ് രണ്ടാമതെത്തിയത്. ആറ് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്. ഐപിഎല്ലില്‍ ആറ് ഇന്നിംഗ്സുകള്‍ മാത്രം കളിച്ച ഹെഡിന് ഇപ്പോള്‍ 324 റണ്‍സുണ്ട്. 54.00 ശരാശരിയിലാണ് നേട്ടം. 216.00 സ്ട്രൈക്ക് റേറ്റും ഓസ്ട്രേലിയന്‍ താരത്തിനുണ്ട്. ഹെഡിന്റെ വരവോടെ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു.

ഏഴ് മത്സരങ്ങളില്‍ നിന്ന് 318 റണ്‍സ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. അതേസമയം ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 29 പന്തില്‍ 35 റണ്‍സ് നേടിയതോടെയാണ് ഗില്‍ നാലാമതെത്തിയത്. എട്ട് മത്സരങ്ങളില്‍ 298 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. 42.57 ശരാശരിയിലും 146.80 സ്‌ട്രൈക്ക് റേറ്റിലുമാണ് ഗില്ലിന്റെ നേട്ടം. 

അംപയറുടെ കഷ്ടപ്പാട്! മത്സരശേഷം കോലിയെ നേരില്‍ കണ്ട് നോബോളല്ലെന്ന് വീണ്ടും താഴ്മയോടെ വിശദീകരിക്കേണ്ടിവന്നു

ഏഴ് മത്സരങ്ങളില്‍ 297 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്ത്. അദ്ദേഹത്തിന് പിന്നില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 53 പന്തില്‍ 82 റണ്‍സുമായി ലഖ്നൗവിന്റെ ടോപ് സ്‌കോററായ രാഹുലിന്റെ അക്കൗണ്ടില്‍ 286 റണ്‍സുണ്ട്. ഏഴ് മത്സരങ്ങളില്‍ ഇത്രയും തന്നെ റണ്‍സുള്ള സുനില്‍ നരെയ്ന്‍ ഏഴാം സ്ഥാനത്ത്. ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 10 റണ്‍സാണ് നരെയ്ന്‍ നേടിയത്. 

ഏഴ് മത്സരങ്ങളില്‍ 276 റണ്‍സടിച്ചിട്ടുള്ള രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എട്ടാം സ്ഥാനത്തേക്ക് വീണു. ഇത്രയും കളികളില്‍ 269 റണ്‍സ് നേടിയ ഗുജറാത്തിന്റെ സായ് സുദര്‍ശന്‍ ഒമ്പതും 268 റണ്‍സുള്ള ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ പത്താം സ്ഥാനത്തുമാണ്.

Follow Us:
Download App:
  • android
  • ios