ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിനായി ഇരട്ട സെഞ്ചുറി നേടി ചരിത്രനേട്ടം കുറിച്ച് ഇന്ത്യയുടെ കൗമാരതാരം ശുഭ്‌മാന്‍ ഗില്‍. 204 റണ്‍സുമായി പുറത്താകാകാതെ നിന്ന ഗില്ലിന്റെ മികവില്‍ വിന്‍ഡീസിന് ഇന്ത്യ 373 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഗില്‍ ഇന്നലെ സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയാണ് ഗില്‍ മറികടന്നത്.

വിന്‍ഡീസിനെതിരെ ഇരട്ട സെഞ്ചുറി തികച്ചപ്പോള്‍ 19 വയസും 334 ദിവസവുമാണ് ഗില്ലിന്റെ പ്രായം. 2002ല്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനായി സിംബാബ്‌വെയ്ക്കെതിരെ 20 വയസും 124 ദിവസവും പ്രായമുള്ളപ്പോള്‍ ഗൗതം ഗംഭീര്‍ ഇരട്ട സെഞ്ചുറി നേടിയതായിരുന്നു ഇതിനു മുമ്പത്തെ ഇന്ത്യന്‍ റെക്കോര്‍ഡ്. ആദ്യ ഇന്നിംഗ്സില്‍ ഗോള്‍ ഡക്കായശേഷമാണ് ഗില്‍ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തടിച്ചത്. 250 പന്തില്‍ 204 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗില്‍ 19 ബൗണ്ടറിയും രണ്ട് സിക്സറും പറത്തി.

രണ്ടാം ഇന്നിംഗ്സിലും മുന്‍നിര തകര്‍ന്നെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹനുമാ വിഹാരിക്കൊപ്പം ഗില്‍ 315 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. വിഹാരി 118 റണ്‍സെടുത്ത് പുറത്തായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെടുത്തിട്ടുണ്ട്. 10 വിക്കറ്റും ഒരു ദിവസവും ശേഷിക്കെ 336 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്. സ്കോര്‍ ഇന്ത്യ എ 201, 365/4, വിന്‍ഡീസ് എ 194, 37/0.