മൂന്നാം സെഷനില്‍ 564-7 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ(269) നഷ്ടമായി.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 587 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിനം 564-7 എന്ന സ്കോറില്‍ ചായക്ക് പിരിഞ്ഞ ഇന്ത്യ 29 റണ്‍സെടുക്കുന്നതിനിടെ അവസാന നാലു വിക്കറ്റുകള്‍ നഷ്ടമാക്കിയാണ് 587 റണ്‍സിന് ഓള്‍ ഔട്ടായത്. 310-5 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് സെഷനുകളില്‍ ഓരോ വിക്കറ്റുകള്‍ മാത്രമായിരുന്നു നഷ്ടമായിരുന്നത്. ആദ്യ സെഷനില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ രവീന്ദ്ര ജഡേജയെയും(89), രണ്ടാം സെഷനില്‍ ഗില്ലിനൊപ്പം സെഞ്ചുറി(144) കൂട്ടുകെട്ടുയര്‍ത്തിയ വാഷിംഗ് ണ്‍ സുന്ദറിനെയു(42)മായിരുന്നു ഇന്ത്യക്ക് നഷ്ടമായത്.

Scroll to load tweet…

എന്നാല്‍ മൂന്നാം സെഷനില്‍ 564-7 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ(269) നഷ്ടമായി. ജോഷ് ടങിന്‍റെ പന്തില്‍ ഒല്ലി പോപ്പിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. 30 ബൗണ്ടറികളും മൂന്ന് സിക്സുകളും അടക്കം 269 റണ്‍സെടുത്ത ഗില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ ക്യാപ്റ്റന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും സെന രാജ്യങ്ങളിലെ ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന നേട്ടവും സ്വന്തമാക്കിയാണ് മടങ്ങിയത്. ഗില്ലിന്‍റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണുമിത്.

Scroll to load tweet…

ഗില്‍ പുറത്തായതിന് പിന്നാലെ ഷൊയ്ബ് ബഷീറിനെ സിക്സിന് തൂക്കാനുള്ള ശ്രമത്തില്‍ ആകാശ് ദീപും പുറത്തായി. 13 പന്തില്‍ ആറ് റണ്‍സായിരുന്നു ആകാശ് ദീപിന്‍റെ സംഭാവന. അവസാന വിക്കറ്റില്‍ അല്‍പനേരം പിടിച്ചു നിന്ന പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ചേര്‍ന്ന് ഇന്ത്യക്ക് 600 റണ്‍സ് പ്രതീക്ഷ നല്‍കിയെങ്കിലും ഒടുവില്‍ ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ മുഹമ്മദ് സിറാജിനെ ജാമി സ്മിത്ത് സ്റ്റംപ് ചെയ്ത് പുറത്താക്കിയതോട ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 587 റൺസില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്നും ക്രിസ് വോക്സ്, ജോഷ് ടങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക