311 പന്തില്‍ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി തികച്ച ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഡബിൾ സെഞ്ചുറിക്ക് ശേഷം നേരിട്ട 69 പന്തില്‍ 65 റണ്‍സ് കൂ്ടിച്ചേര്‍ത്തു.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഏഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ശുഭ്മാന്‍ ഗില്‍-വാഷിംഗ്ടണ്‍ സുന്ദര്‍ സഖ്യത്തിന്‍റെ മികവില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സെന്ന നിലയിലാണ്. 265 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും റണ്ണൊന്നുമെടുക്കാതെ ആകാശ്ദീപും ക്രീസില്‍. 42 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം സെഷനില്‍ നഷ്ടമായത്. ജോ റൂട്ടാണ് സുന്ദറിനെ വീഴ്ത്തിയത്. നേരത്തെ ആദ്യ സെഷനില്‍ ആറാം വിക്കറ്റില്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ശുഭ്മാന്‍ ഗില്‍-രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യയെ 400 കടത്തിയത്. ആദ്യ സെഷനില്‍ 89 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. 18വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റില്‍ 500ൽ അധികം റണ്‍സ് സ്കോര്‍ ചെയ്യുന്നത്.

311 പന്തില്‍ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി തികച്ച ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഡബിൾ സെഞ്ചുറിക്ക് ശേഷം നേരിട്ട 69 പന്തില്‍ 65 റണ്‍സ് കൂ്ടിച്ചേര്‍ത്തു. 414 റണ്‍സില്‍ ജഡേജയുടെ വിക്കറ്റ് നഷ്ടമായശേഷം വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം 144 റണ്‍സിന്‍റെ കൂട്ടുകെട്ടിലും ഗില്‍ പങ്കാളിയായി. ഇംഗ്ലണ്ടിനെതിരെ 265 റണ്‍സടിച്ച് പുറത്താകാതെ നില്‍ക്കുന്ന ഗില്‍ ഇന്ത്യൻ ക്യാപ്റ്റന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോറും വിദേശത്ത് ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്കോറും സ്വന്തമാക്കി. സെന(സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ 250ല്‍ അധികം റണ്‍സ് സ്കോര്‍ ചെയ്യുന്ന ആദ്യം ഇന്ത്യൻ ബാറ്ററുമാണ് ഗില്‍.

Scroll to load tweet…

രണ്ടാം ദിനം തുടക്കത്തിലെ ആനുകൂല്യം മുതലാക്കി ന്യൂബോളില്‍ വിക്കറ്റെടുക്കാമെന്ന ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് ഗില്ലും ജഡേജയും ആദ്യ സെഷനില്‍ ക്രീസിലുറച്ചത്. ഇന്നലെ 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ-ഗില്‍ സഖ്യം ഇന്ന് 100 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 400 കടത്തി. പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്നതോടെ ഇന്ത്യ അനായാസം മുന്നേറി. 80 പന്തില്‍ രവീന്ദ്ര ജഡേജ ടെസ്റ്റിലെ 23-ാം അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ഇന്നലെ 114 റണ്‍സുമായി ക്രീസ് വിട്ട ഗില്‍ 263 പന്തില്‍ 150 പിന്നിട്ട് ടെസ്റ്റിലെ തന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിച്ചു. ഷൊയ്ബ് ബഷീറിന്‍റെ ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയ ജഡേജയും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 400 കടത്തി.

Scroll to load tweet…

എന്നാല്‍ ആദ്യസെഷന്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ജോഷ് ടങിന്‍റെ ബൗണ്‍സറില്‍ ജഡേജ വീണു. 137 പന്തില്‍ 89 റണ്‍സെടുത്ത ജഡേജ പത്ത് ഫോറും ഒരു സിക്സും പറത്തിയാണ് പുറത്തായത്. ഇന്നലെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 87 റണ്‍സെടുത്തപ്പോള്‍ കരുണ്‍ നായര്‍ 31ഉം റിഷഭ് പന്ത് 25ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. കെ എൽ രാഹുല്‍(2), നിതീഷ് കുമാര്‍ റെഡ്ഡി(1) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക