ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 175 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും 43 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെയും 44 റണ്‍സെടുത്ത ധ്രുവ് ജുറെലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

ദില്ലി: ഓപ്പണർ യശസ്വി ജയ്സ്വാളിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സെഞ്ചുറി തികച്ചതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെടുത്താണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ആദ്യ ദിനം 318-2 എന്ന സ്കോറില്‍ ക്രീസ് വിട്ട ഇന്ത്യ രണ്ടാം ദിനം ആദ്യ രണ്ട് സെഷനുകളില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 175 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും 43 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെയും 44 റണ്‍സെടുത്ത ധ്രുവ് ജുറെലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ധ്രുവ് ജുറെല്‍ പുറത്തായതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. വിന്‍ഡീസിനായി വാറിക്കന്‍ 3 വിക്കറ്റെടുത്തു.

ക്യാപ്റ്റനായശേഷം കളിക്കുന്ന ഏഴാം ടെസ്റ്റില്‍ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഗില്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയത്. ക്യാപ്റ്റനായശേഷം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ഗില്ലിനായി. 2017ലും 2018ലും കോലി ക്യാപ്റ്റനായിരിക്കെ ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. ഗില്ലിന്‍റെ ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചുറിയാണ് ഇന്ന് നേടിയത്. 177 പന്തില്‍ സെഞ്ചുറിയിലെത്തിയ ഗില്‍ 16 ബൗണ്ടറിയും രണ്ട് സിക്സും നേടി.

Scroll to load tweet…

നേരത്തെ 318-2 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 175 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടമായിരുന്നു.ആദ്യ ദിനത്തിലെ സ്കോറിനോട് വെറും രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ 175 റണ്‍സുമായി ജയ്സ്വാള്‍ മടങ്ങി. മിഡോഫിലേക്ക് ഫീല്‍ഡറുടെ കൈയിലേക്ക് അടിച്ച പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ചാണ് ജയ്സ്വാള്‍ റണ്ണൗട്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക