ജൂലൈ ആറ് മുതലാണ് ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പര തുടങ്ങുന്നത്. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. 

മുംബൈ: ടി20 ലോകകപ്പിനുശേഷം ജൂലൈയില്‍ നടക്കുന്ന സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക യുവതാരം ശുഭ്മാന്‍ ഗില്ലെന്ന് റിപ്പോര്‍ട്ട്. ജൂലൈയില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം വിട്ടു നില്‍ക്കുന്ന പരമ്പരയില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം എന്നാണ് റിപ്പോര്‍ട്ട്.

മലയാളി താരം സഞ്ജു സാംസണും ലോകകപ്പ് ടീമില്‍ നിന്ന് നിര്‍ഭാഗ്യം കൊണ്ട് പുറത്തായ റിങ്കു സിംഗുമെല്ലാം ടീമിലുണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കുപ്പായത്തില്‍ തകര്‍ത്തടിച്ച അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, രാജസ്ഥാന്‍റെ ടോപ് സ്കോററായ റിയാന്‍ പരാഗ്, ചെന്നൈക്കായി ബൗളിംഗില്‍ തിളങ്ങിയ തുഷാര്‍ ദേശ്പാണ്ഡെ, കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണ എന്നിവരെല്ലാം ടീമിലുണ്ടാകുമെന്നാണ് സൂചന.

ജഡേജയ്ക്ക് പകരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തുമോ, ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം കിട്ടാതിരുന്ന ശുഭ്മാന്‍ ഗില്‍ ട്രാവലിംഗ് റിസര്‍വായി ടീമിനൊപ്പം യാത്ര ചെയ്തിരുന്നെങ്കിലും അമേരിക്കയിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗില്ലിനെയും ആവേശ് ഖാനെയും നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഗില്ലിനെ തിരിച്ചയച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത്തരം വാര്‍ത്തകളെയെല്ലാം തള്ളുന്നതായിരിക്കും സിംബാബ്‌‌വെ പര്യടനത്തിനുള്ള ടീം തെരഞ്ഞെടുപ്പെന്നാണ് കരുതുന്നത്.

അതേസമയം രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഇന്ത്യയുടെ പുതിയ പരിശീലകനാകുമെന്ന് കരുതുന്ന ഗൗതം ഗംഭീര്‍ സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്നും വിവിഎസ് ലക്ഷ്മണാകും ഇന്ത്യയുടെ പരിശീലകനെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓഗസ്റ്റില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ മാത്രമെ ഗംഭീര്‍ പരിശീലകനായി എത്തൂ എന്നാണ് കരുതുന്നത്. ജൂലൈ ആറ് മുതലാണ് ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പര തുടങ്ങുന്നത്. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക