ക്വലാലംപൂര്‍: പി വി സിന്ധുവിന് പിന്നാലെ സൈന നേവാളും മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിന്റെ സെമി കാണാതെ പുറത്ത്. സ്‌പെയ്‌നിന്റെ ഒളിംപ്ക് ചാംപ്യന്‍ കരോളി മാരിനെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. 8-21, 7-21. പൊരുതാന്‍ പോലുമാവാതെ സൈന കീഴടങ്ങി. അര മണിക്കൂര്‍ മാത്രമായിരുന്നു മത്സരത്തിന്റെ ദൈര്‍ഘ്യം. ദക്ഷിണ കൊറിയയുടെ കൗമാരവിസ്മയം ആന്‍ സി യങിനെ തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറില്‍ പ്രേവേശിച്ചിരുന്നത്. 

നേരത്തെ ലോക രണ്ടാം നമ്പര്‍ താരമായ തായ് സു യിങ്ങിനോട് പരാജയപ്പെട്ടാണ് സിന്ധു മടങ്ങിയത്. 21-16, 21- 16 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. 36 മിനിറ്റ് നീണ്ടുനില്‍ക്കുന്നതായിരുന്നു മത്സരം. ഇതോടെ ടൂര്‍ണമെന്റി്ല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

പുരുഷ താരങ്ങളായ എച്ച് എസ് പ്രണോയി, സമീര്‍ വര്‍മ, പി കശ്യപ്, സായ് പ്രണീത്, കിഡംബി ശ്രീകാന്ത് എന്നിവരും ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും നേരത്തെ പുറത്തായിരുന്നു.