ദുബായ്: അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് ടി20ക്കുള്ള യോഗ്യത മത്സരത്തില്‍ സിംഗപ്പൂരിന് അട്ടിമറി ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെയാണ് സിംഗപ്പൂര്‍ അട്ടിമറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന ഇറങ്ങിയ സിംഗപ്പൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സ്‌കോട്ട്‌ലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനാണ് സാധിച്ചത്. 

അവസാന ഓവറില്‍ നാല് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ എട്ട് റണ്‍സ് മതിയായിരുന്നു സ്‌കോട്ട്‌ലന്‍ഡിന്. എന്നാല്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ജോര്‍ജ് മണ്‍സി (46), കാളം മക്‌ലിയോഡ് (44) എന്നിവരുടെ ഇന്നിഹ്‌സാണ് സ്‌കോട്ട്‌ലന്‍ഡിന് വിജയപ്രതീക്ഷ നല്‍കിയത്. സിംഗപ്പൂരിന് വേണ്ടി സെല്ലാദുരെ വിജയകുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, സുരേന്ദ്രന്‍ ചന്ദ്രമോഹന്‍ (51), അരിത്ര ദത്ത (32), മന്‍പ്രീത് സിങ് (26) എ്ന്നിവരുടെ ഇന്നിങ്‌സാണ് സിംഗപ്പൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജോഷ് ഡേവി, സഫ്യാന്‍ ഷെരീഫ് എന്നിവര്‍ സ്‌കോട്ട്‌ലന്‍ഡിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.