ഇന്ത്യയില്‍ ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക

മുംബൈ: കെട്ടിലും മട്ടിലും ചരിത്രത്തിലെ ഏറ്റവും ഗംഭീര ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യയില്‍ വരാന്‍ പോകുന്നത്. 10 വേദികളിലായി പത്ത് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ലോകകപ്പില്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ തുടങ്ങി സൂപ്പര്‍ ടീമുകളെല്ലാം ശക്തരായിരിക്കും. സ്ക്വാഡുകളെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും അതിശക്തമായ പോരാട്ടം നടക്കുമെന്നുറപ്പുള്ള 2023 ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ ആയിരിക്കും? ആ പ്രവചനം നടത്തിയിരിക്കുകയാണ് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. 

ഇന്ത്യയില്‍ ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. പരിക്ക് തിരിച്ചടിയായില്ലെങ്കില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര, ഓസീസിന്‍റെ മിച്ചല്‍ സ്റ്റാര്‍ക്ക്, പാകിസ്ഥാന്‍റെ ഷഹീന്‍ ഷാ അഫ്രീദി തുടങ്ങിയ വമ്പന്‍ പേസര്‍മാര്‍ പോരിനിറങ്ങും. ഇന്ത്യയിലാണ് മത്സരങ്ങള്‍ എന്നതിനാല്‍ സ്‌പിന്നര്‍മാരുടെ മികച്ച പ്രകടനവും പ്രതീക്ഷിക്കാം. ഇവരില്‍ കൂടുതല്‍ വിക്കറ്റ് നേടുക പാകിസ്ഥാന്‍റെ സ്റ്റാര്‍ ഇടംകൈയന്‍ യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയായിരിക്കും എന്നാണ് വിവിയന്‍ റിച്ചാര്‍ഡ് പറയുന്നത്. 'പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അദേഹത്തിന്‍റെ വലിയ വളര്‍ച്ച ഞാന്‍ നേരില്‍ കണ്ടതാണ്. ഏറെ ആത്മാര്‍പ്പണമുള്ള താരമാണ് ഷഹീന്‍' എന്നും വിവിയന്‍ റിച്ചാര്‍ഡ്‌സ് കൂട്ടിച്ചേര്‍ത്തു. ഐസിസി ഇന്‍സ്റ്റഗ്രാമില്‍ റിച്ചാര്‍ഡ്‌സിന്‍റെ പ്രവചനം വീഡിയോയായി പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 

View post on Instagram

പാകിസ്ഥാനായി ഇതിനകം 27 ടെസ്റ്റുകളും 39 ഏകദിനങ്ങളും 52 ട്വന്‍റി 20കളും ഷഹീന്‍ ഷാ അഫ്രീദി കളിച്ചു. ടെസ്റ്റില്‍ 105 ഉം ഏകദിനത്തില്‍ 76 ഉം ടി20യില്‍ 64 ഉം വിക്കറ്റ് യഥാക്രമം പേരിലാക്കി. അടുത്തിടെ ശ്രീലങ്കയില്‍ വച്ച് നടന്ന അഫ്‌ഗാനിസ്ഥാനെതിരെ പാകിസ്ഥാന്‍റെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ്(6) നേടിയത് ഷഹീന്‍ അഫ്രീദിയായിരുന്നു. 16.33 ആയിരുന്നു പേസറുടെ ബൗളിംഗ് ശരാശരി. ഏകദിന ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പില്‍ പാകിസ്ഥാനായി ഷഹീന്‍ പേസ് ആക്രമണം നയിക്കും. നാളെ നേപ്പാളിനെതിരായ പാക് ടീമിന്‍റെ മത്സരത്തോടെയാണ് ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. പാകിസ്ഥാനും നേപ്പാളിനുമൊപ്പം ഇന്ത്യ എ ഗ്രൂപ്പിലാണ്. ബി ഗ്രൂപ്പില്‍ വരുന്നത് അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍. 

Read more: സഞ്ജു സാംസണ്‍ ലോകകപ്പിന് ഉണ്ടാകുമോ? ഇനി നെഞ്ചിടിപ്പിന്‍റെ ദിനങ്ങള്‍; ടീം പ്രഖ്യാപന തിയതിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം