മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനെ തിരഞ്ഞെടുക്കുനാള്ള ചുരുക്കപ്പട്ടികയായി. ആറ് പേരുടെ പട്ടികയാണ് ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്. രവി ശാസ്ത്രിയും അടങ്ങുന്നതാണ് പട്ടിക. അടുത്ത വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടക്കുക. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയാണ് ബിസിസിഐ ആസ്ഥാനത്ത് അഭിമുഖം നടത്തുക.

മൈക്ക് ഹെസ്സോണ്‍, ടോം മൂഡി, റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, ഫില്‍ സിമോണ്‍സ് എന്നിവരാണ് ശാസ്ത്രിയെ കൂടാതെ പട്ടികയിലുള്ളത്. രണ്ടായിരത്തോളം പേര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും, മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന ആറു പേര്‍ പേര്‍ മാത്രമെ അവസാന റൗണ്ടിലുള്ളുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു ദിവസം കൊണ്ട് ഇവരുടെ അഭിമുഖം പൂര്‍ത്തിയാക്കി പരിശീലകനെ പ്രഖ്യാപിക്കാനാകുമെന്നാണ് ഉപദേശകസമിതി കരുതുന്നത്.

മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ടായിരുന്നു. ഇന്ത്യക്കാരനായ കോച്ച് മതിയെന്നാണ് ഉപദേശക സമിതിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ നിലവിലെ കോച്ച് രവി ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്ത് തുടരാനാണ് കൂടുതല്‍ സാധ്യത. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ശക്തമായ പിന്തുണയും ശാസ്ത്രിക്കുണ്ട്.