132 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെയാണ് (Dimut Karunaratne) ശ്രീലങ്കയ്ക്ക് ആദ്യദിനം മികച്ച തുടക്കം നല്‍കിയത്. 56 റണ്‍സുമായി ധനഞ്ജയ ഡിസില്‍വ അദ്ദേഹത്തിന് കൂട്ടുണ്ട്.

ഗാലെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് (Sri Lanka) മികച്ച തുടക്കം. ഗാലെയില്‍ (Galle) ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 267 റണ്‍സെത്തിട്ടുണ്ട്. 132 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെയാണ് (Dimut Karunaratne) ശ്രീലങ്കയ്ക്ക് ആദ്യദിനം മികച്ച തുടക്കം നല്‍കിയത്. 56 റണ്‍സുമായി ധനഞ്ജയ ഡിസില്‍വ അദ്ദേഹത്തിന് കൂട്ടുണ്ട്. 

പതും നിസങ്ക (56), ഒഷാഡ ഫെര്‍ണാണ്ടോ (3), എയ്ഞ്ചലോ മാത്യൂസ് (3) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. റോസ്റ്റണ്‍ ചേസ് രണ്ട് വിക്കറ്റെടുത്തു. ഷാനോന്‍ ഗബ്രിയേലിന് ഒരു വിക്കറ്റുണ്ട്. നേരത്തെ മികച്ച തുടക്കമാണ് നിസങ്ക- കരുണാരത്‌നെ സഖ്യം ശ്രീലങ്കയ്ക്ക് നല്‍കിയത്. ഇരുവരും 139 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നിസങ്കയെ പുറത്താക്കി ഗബ്രിയേല്‍ വിന്‍ഡീസിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാല്‍ 31 റണ്‍സെടുക്കുന്നതിനിടെ മാത്യൂസ്, ഫെര്‍ണാണ്ടോ എന്നിവരുടെ വിക്കറ്റുകളും ലങ്കയ്ങ്ക് നഷ്ടമായി.

വിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും കരുണാരത്‌നെ- ധനഞ്ജയ സഖ്യം വിലങ്ങുതടിയായി. ഇരുവരും ഇതുവരെ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 13 ബൗണ്ടറികള്‍ അടങ്ങുന്നതാണ് കരുണാരത്‌നെയുടെ ഇന്നിംഗ്‌സ്. ധനഞ്ജയ ഇതുവരെ അഞ്ച് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

നേരത്തെ, വിന്‍ഡീസിന്റെ അരങ്ങേറ്റതാരം ജെറമി സോളോസനോ (Jeremy Solozano) പരിക്കേറ്റ് പുറത്തായിരുന്നു. ഫീല്‍ഡ് ചെയ്യുന്നതിനിടെ കരുണാരത്‌നെയുടെ ഷോട്ട് അദ്ദേഹത്തിന്റെ ഹെല്‍മറ്റില്‍ ഇടിക്കുകയായിരുന്നു. പിന്നീട് താരത്തെ സ്ട്രക്ച്ചറില്‍ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി.