വിവാഹം വേണ്ടെന്ന് വെച്ചതിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇന്ത്യൻ താരം സ്മൃതി മന്ദാന, ക്രിക്കറ്റാണ് തൻ്റെ ഏക മുൻഗണനയെന്ന് വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തെ തൻ്റെ കരിയറിനെക്കുറിച്ചും ലോകകപ്പ് വിജയത്തെക്കുറിച്ചുമുള്ള ഓർമ്മകൾ താരം പങ്കുവെച്ചു.
ദില്ലി: ക്രിക്കറ്റിനേക്കാൾ ആഴത്തിൽ ശ്രദ്ധിക്കുന്ന മറ്റൊന്നും തനിക്കില്ലെന്ന് ഇന്ത്യൻ താരം സ്മൃതി മന്ദാന. വിവാഹം വേണ്ടെന്ന് വെച്ചതിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയപ്പോൾ കഴിഞ്ഞ 12 വർഷത്തിനിടെ തനിക്ക് മനസിലായ ഏറ്റവും വ്യക്തമായ സത്യം ഇതാണെന്നും താരം താരം കൂട്ടിച്ചേർത്തു. പലാഷ് മുച്ചലുമായി നടത്താനിരുന്ന വിവാഹം ഇരു കുടുംബങ്ങളും ചേർന്ന് വേണ്ടെന്ന് വെച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ സ്മൃതി പൊതുവേദിയിൽ എത്തിയത്. ഡിസംബർ ഏഴിന് താരം ഒരു ചെറിയ പ്രസ്താവനയിലൂടെ സ്വകാര്യത അഭ്യർത്ഥിക്കുകയും ആ പോസ്റ്റോടെ വിഷയം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്കമാക്കുകയും ചെയ്തിരുന്നു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം ഭാരത് മണ്ഡപത്തിൽ നടന്ന ആമസോൺ സംഭവ് ഉച്ചകോടിയിലാണ് മന്ദാന പങ്കെടുത്തത്. ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റാണ് തന്‍റെ ഏക മുൻഗണനയെന്നും ഇന്ത്യയെ പ്രധാന ട്രോഫികൾ നേടാൻ സഹായിക്കുന്നതിന് മികച്ച പ്രകടനം പുറത്തെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഡിസംബർ ഏഴിന് മന്ദാന തൻ്റെ തീരുമാനം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ഒരു ദിവസം കഴിഞ്ഞ്, സഹോദരൻ ശ്രാവൺ സ്മൃതി പരിശീലനത്തിന് തിരികെയെത്തിയതിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു.
ക്രിക്കറ്റ് ജീവിതത്തെക്കുറിച്ച്
ഉച്ചകോടിയിൽ സംസാരിക്കവെ, 2013-ലെ തന്‍റെ അരങ്ങേറ്റം മുതൽ കഴിഞ്ഞ മാസം ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്‍റെ ശിൽപ്പികളിൽ ഒരാളായി മാറിയ യാത്രയെക്കുറിച്ച് മന്ദാന സംസാരിച്ചു. "ക്രിക്കറ്റിനേക്കാൾ കൂടുതലായി ഞാൻ മറ്റെന്തിനെയെങ്കിലും സ്നേഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യൻ ജേഴ്‌സി ധരിക്കുന്നത് ഞങ്ങൾക്ക് പ്രചോദനം നൽകുന്ന ഘടകമാണ്. അപ്പോൾ എല്ലാ പ്രശ്‌നങ്ങളും മാറ്റിവെക്കുന്നു, ആ ചിന്ത മാത്രം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു" മന്ദാന പറഞ്ഞു. തന്‍റെ ലക്ഷ്യം എപ്പോഴും വ്യക്തമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
"ചെറുപ്പം മുതലേ ബാറ്റിംഗിനോടുള്ള ഭ്രാന്ത് എപ്പോഴും ഉണ്ടായിരുന്നു. ആർക്കും അത് മനസിലായില്ലെങ്കിലും, എന്‍റെ മനസ്സിൽ എനിക്ക് എപ്പോഴും ഒരു ലോക ചാമ്പ്യൻ എന്ന് അറിയപ്പെടാൻ ആഗ്രഹമുണ്ടായിരുന്നു." വർഷങ്ങളുടെ പരിശ്രമങ്ങൾക്കും നിരാശകൾക്കുമുള്ള പ്രതിഫലമാണ് ലോകകപ്പ് വിജയമെന്ന് അവർ പറഞ്ഞു. "വർഷങ്ങളായി ഞങ്ങൾ നടത്തിയ പോരാട്ടത്തിനുള്ള പ്രതിഫലമായിരുന്നു ഈ ലോകകപ്പ്. ഞങ്ങൾ അതിനുവേണ്ടി തീവ്രമായി കാത്തിരിക്കുകയായിരുന്നു. ഞാൻ 12 വർഷത്തിലേറെയായി കളിക്കുന്നു, പലപ്പോഴും കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല. ഫൈനലിന് മുമ്പ് ഞങ്ങൾ ഇത് ദൃശ്യവൽക്കരിച്ചു, ഒടുവിൽ സ്‌ക്രീനിൽ കണ്ടപ്പോൾ ഞങ്ങൾക്ക് രോമാഞ്ചമുണ്ടായി. അതൊരു അവിശ്വസനീയവും പ്രത്യേകവുമായ നിമിഷമായിരുന്നു," അവർ പറഞ്ഞു.


