ഏകദിന ലോകകപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സീനിയര്‍ താരങ്ങള്‍ വിശ്രമം എടുക്കുമെന്നുറപ്പാണ്.

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കളിച്ചശേഷം സഞ്ജു സാംസണെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്താനായാണ് സഞ്ജുവിനെ ജൂനിയര്‍ താരങ്ങള്‍ പോകുന്ന ഏഷ്യാ കപ്പിന് തെരഞ്ഞെടുക്കാതിരുന്നത് എന്നായിരുന്നു ആരാധകര്‍ കരുതിയത്. ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ടീം ലിസ്റ്റിലില്ലായിരുന്നെങ്കിലും ട്രാവലിംഗ് സ്റ്റാന്‍ഡ് ബൈ ആയപ്പോഴും ലോകകപ്പ് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് പകരം സൂര്യകുമാര്‍ യാദവാണ് 15 അംഗ ടീമിലെത്തിയത്.

ഇതോടെ സഞ്ജു ആരാധകര്‍ നിരാശയിലായി. ഏഷ്യാ കപ്പിനിടെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്കേറ്റതോടെ ലോകകപ്പ് ടീമിലെത്താമെന്ന പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍വെച്ചു. ലോകകപ്പിന് തൊട്ടു മുമ്പ് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള ടീമില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നും സഞ്ജുവിനെ തിരിച്ചുവിളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ ഇന്നലെ സെലക്ടര്‍മാര്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയെങ്കിലും സ‍ഞ്ജുവിനെ മാത്രം തിരിച്ചുവിളിച്ചില്ല. ടീമിലേക്ക് പരിഗണിച്ചില്ലെന്ന് മാത്രമല്ല ഒരു മത്സരം മാത്രം കളിച്ച തിലക് വര്‍മയെയും ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനെയും ഏകദിനത്തില്‍ ഇതുവരെ തിളങ്ങിയിട്ടില്ലാത്ത റുതുരാജ് ഗെയ്‌കെവാദിനെയുമെല്ലാം ടീമിലെടുക്കുകയും ചെയ്തു. ഇതോടെ ലോകകപ്പില്‍ ഏതെങ്കിലും കളിക്കാരന് പരിക്കേറ്റാല്‍ പോലും സഞ്ജുവിനെ പരിഗണിക്കില്ലെന്ന് ഉറപ്പായി.

ഇനി സഞ്ജുവിന് മുന്നിലുള്ള വഴി

ഏകദിന ലോകകപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സീനിയര്‍ താരങ്ങള്‍ വിശ്രമം എടുക്കുമെന്നുറപ്പാണ്. സ്വാഭാവികമായും സഞ്ജുവിനെ പോലെയുളള യുവതാരങ്ങള്‍ക്ക് ടി20 ടീമില്‍ അവസരം ഒരുങ്ങുമെന്ന് പ്രതീക്ഷിക്കാം. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കം ഏകദിന ലോകകപ്പിന് പിന്നാലെ തുടങ്ങുമെന്നതിനാല്‍ സഞ്ജുവിന് ഇനി പ്രതീക്ഷവെക്കാവുന്നത് അടുത്തവര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലെത്തുക എന്നതാണ്.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മികവ് കാട്ടുകയും ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവുകയും ചെയ്യുക എന്നതാണ് പ്രധാനം. അടുത്ത വര്‍ഷം ഐപിഎല്ലിന് പിന്നാലെയാണ് ടി20 ലോകകപ്പ്. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ മികവ് ലോകകപ്പ് ടീം സെലക്ഷനെ സ്വാധീനിക്കുമെന്നുറപ്പാണ്. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ ടി20 ലോകകപ്പ് ടീമിലെത്താമെന്ന പ്രതീക്ഷ സഞ്ജുവിന് നിലനിര്‍ത്താം.

ഐപിഎല്ലില്‍ ഒന്നോ രണ്ടോ മികച്ച ഇന്നിംഗ്സുകള്‍ കൊണ്ട് മാത്രം സഞ്ജുവിന് ടി20 ലോകകപ്പ് ടീമിലെത്താനാവില്ല. അവിടെയും ടി20യിലെ ഒന്നാം നമ്പറായ സൂര്യകുമാര്‍ യാദവും പുതിയ ബാറ്റിംഗ് സെന്‍സേഷനായ തിലക് വര്‍മയും ഇഷാന്‍ കിഷനും കെ എല്‍ രാഹുലുമെല്ലാം സഞ്ജുവിന് മുന്നില്‍ വെല്ലുവിളിയായുണ്ടാവും.ഇവരെ നിഷ്പ്രഭമാക്കുന്ന ഒരു ഐപിഎല്‍ സീസണ്‍ കൊണ്ടെ സ‍ഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കാനാവു എന്ന് ചുരുക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക