സഞ്ജുവിന് മുന്നിൽ ഇന്ത്യൻ ടീമിന്‍റെ വാതിൽ പൂര്‍ണമായും അടയുന്നു; ബിസിസിഐ പ്രതികാരം തീര്‍ക്കുന്നുവെന്ന് ആരാധകർ
അയര്‍ലന്‍ഡിനെതിരായ പരമ്പരക്ക് മുമ്പ് നടന്ന വീൻഡിസിനെതിരായ ഏകദിന പരമ്പരയിലും സഞ്ജു വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ കാര്യമായി തിളങ്ങാനായില്ല.

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണ് മുന്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വാതിൽ പൂര്‍ണമായും അടയുന്നുവെന്നതിന്‍റെ സൂചനയാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്നുള്ള ഒഴിവാക്കൽ എന്ന് സൂചന. ലോകകപ്പിന് മുമ്പ് നടന്ന അയര്‍ലൻഡിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടാണ് സഞ്ജുവിനോടുള്ള ഈ അനീതി.
ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന അയര്‍ലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 26 പന്തിൽ 153 സ്ട്രൈക്ക് റേറ്റിൽ സഞ്ജു 46 റണ്‍സ് അടിച്ചിരുന്നു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ സഞ്ജു ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഈ രണ്ട് മത്സരങ്ങളില്‍ തിലക് വര്‍മ പൂജ്യത്തിനും ഒരു റണ്ണെടുത്തും പുറത്തായപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ രണ്ട് മത്സരങ്ങളിലും വലിയ സ്കോര്‍ നേടാതെ പുറത്തായി.
സഞ്ജുവിന് മാത്രമല്ല, റിയാന്‍ പരാഗിനും നിരാശ; സെലക്ടര്‍മാര്‍ പരിഗണിച്ചത് ഐപിഎല്‍ പ്രകടനം മാത്രം
അയര്‍ലന്‍ഡിനെതിരായ പരമ്പരക്ക് മുമ്പ് നടന്ന വീൻഡിസിനെതിരായ ഏകദിന പരമ്പരയിലും സഞ്ജു വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ കാര്യമായി തിളങ്ങാനായില്ല. എന്നിട്ടും സഞ്ജുവിനെ ഏഷ്യാകപ്പിനോ ലോകകപ്പിനോ, രണ്ടാം നിരക്കാരെ വിട്ട ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമുകളിലേക്കോ പരിഗണിച്ചില്ല. ഏഷ്യാ കപ്പ് ടീമില്‍ സ്റ്റാന്‍ഡ് ബൈ ആയി ഉള്‍പ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കി.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നുറപ്പായ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ സഞ്ജു ഉറപ്പായും തിരിച്ചെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇത്തവണയും സഞ്ജുവിനെ തഴഞ്ഞ് ജിതേഷ് ശര്‍മയെ സെലക്ടര്‍മാര്‍ ടീമിലെുത്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ മോശം പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായതെന്ന് പറയാനാവില്ല.
കാരണം, മുഷ്താഖ് അലിയില്‍ സഞ്ജു എട്ട് ഇന്നിംഗ്സിൽ 138 റണ്‍സടിച്ചപ്പോള്‍ ജിതേഷ് ശര്‍മ ഏഴ് കളിയിൽ 107 റണ്‍സ് മാത്രമാണ് നേടിയത്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്‍റില്‍ ടീമിന്‍റെ താല്‍പര്യം പരിഗണിച്ച് ബാറ്റിംഗ് ക്രമത്തിൽ താഴെയാണ് പല മത്സരങ്ങളിലും സഞ്ജു ഇറങ്ങിയത്.
ഇവിടെയാണ് ടീം സെലക്ഷനിൽ സെലക്ടര്‍മാരുടെ ഇരട്ടത്താപ്പെന്ന് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. കളത്തിന് പുറത്തെ ചില കാര്യങ്ങളിൽ സഞ്ജുവിനോട് ബിസിസിഐക്കുള്ള അതൃപ്തിയാണ് ഈ ഒഴിവാക്കലിന് കാരണമെന്നും ആരോപണമുണ്ട്. സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കില്‍ സെലക്ടര്‍മാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമര്‍ശനം ഉയരുന്നതും സഞ്ജുവിന് ലഭിക്കുന്ന വന്‍ ആരാധക പിന്തുണയുമാണ് ബിസിസിഐയെ ചൊടിപ്പിക്കുന്നതെന്നും സൂചനയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക