കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ വഴങ്ങിയ താരമാണ് ദയാലെന്നും ഓര്‍ക്കണം.
ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആര്‍സിബിയുടെ വിജയത്തില്‍ പേസര്‍ യഷ് ദയാലിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ആര്‍സിബിയുടെ തിരിച്ചുവരവ് ദയാലിന്റെ വീണ്ടെടുപ്പാണെന്നും പറയാം. അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെയാണ് ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ദയാലിനെ വിളിക്കുന്നത്. നന്നായി പന്തെറിഞ്ഞ കാമറൂണ്‍ ഗ്രീന്‍, സ്വപ്‌നില്‍ സിംഗ് എന്നിവര്‍ക്ക് രണ്ട് ഓവര്‍ വീതം ബാക്കിയുണ്ടായിരുന്നു. എന്നിട്ടും മൂന്ന് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത ദയാലിനെയാണ് ഫാഫ് വിളിച്ചത്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ വഴങ്ങിയ താരമാണ് ദയാലെന്നും ഓര്‍ക്കണം. അന്ന് ദയാലിനെതിരെ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ നേടി റിങ്കു സിംഗ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്നലെ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഏറെക്കുറെ അതേ സാഹചര്യം തന്നെയായിരുന്നു. ക്രീസില്‍ എം എസ് ധോണി. ആദ്യ പന്തുതന്നെ ധോണി കൂറ്റന്‍ സിക്‌സര്‍ പറത്തി.
ഇനിയാണ് ആര്‍സിബിയെ ശരിക്കും പേടിക്കേണ്ടത്! അവിശ്വസനീയ തിരിച്ചുവരവില്‍ എങ്ങും ആഘോഷം; സോഷ്യല്‍ മീഡിയ
ദയാല്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ധോണിയെ മടക്കാന്‍ ദയാലിനായി. തൊട്ടടുത്ത പന്തില്‍ ഷാര്‍ദുല്‍ ഠാക്കൂറിന് റണ്ണെടുക്കാനായില്ല. നാലാം പന്തില്‍ ഒരു റണ്‍. അവസാന രണ്ട് സ്ലോ പന്തുകളില്‍ രവീന്ദ്ര ജഡേജയ്ക്കും ഒന്നും ചെയ്യാനായില്ല. അവസാന ഓവറില്‍ വിട്ടുകൊടുത്തത് ഏഴ് മാത്രം. ദയാലിനെ ആദ്യം അഭിനന്ദിച്ചത് റിങ്കു സിംഗ് തന്നെയാണ്. എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്നാണ് റിങ്കു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞത്.
മത്സരശേഷം ദയാലിനെ കുറിച്ച് ഡു പ്ലെസിസും സംസാരിച്ചു. അവിശ്വസനീയമായി പന്തെറിഞ്ഞുവെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. ഡുപ്ലെസിയുടെ വാക്കുകള്‍... ''ഈ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഞാന്‍ യാഷ് ദയാലിന് സമര്‍പ്പിക്കുന്നു. അദ്ദേഹം പന്തെറിഞ്ഞ രീതി അവിശ്വസനീയമായിരുന്നു. അവന്‍ അത് അര്‍ഹിക്കുന്നു. അവസാന ഓവറിന് മുമ്പ് ദയാലിനോട് പറഞ്ഞത് സ്ലോവറുകള്‍ എറിനാനാണ്. ആദ്യ പന്തില്‍ യോര്‍ക്കറിന് ശ്രമിച്ചെങ്കിലും പണി കിട്ടി. പിന്നീട് പേസ് കുറച്ചെറിഞ്ഞു, അത് വിജയിക്കുകയും ചെയ്തു.'' ഫാഫ് വ്യക്തമാക്കി.

