മുംബൈ: ബിസിസിഐ തലപ്പത്തേക്ക് വമ്പന്മാര്‍ എത്താനുള്ള സാധ്യത തെളിയുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ, മുന്‍ ബിസിസിഐ പ്രസിഡന്‍റ് അനുരാഗ് താക്കൂറിന്‍റെ സഹോദരന്‍ അരുൺ സിംഗ് ധുമാല്‍, ഇന്ത്യന്‍ മുന്‍ നായകന്മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുന്‍ താരം ബ്രിജേഷ് പട്ടേൽ, ഡൽഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് രജത് ശര്‍മ്മ, മുന്‍ കേന്ദ്രമന്ത്രി രാജീവ് ശുക്ല തുടങ്ങിയവര്‍ ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ സംബന്ധിക്കും. 

ആകെ 38 പേരുടെ പേര് വിവിധ സംസ്ഥാന അസോസിയേഷനുകള്‍ നിര്‍ദേശിച്ചു. ബിസിസിഐ ഭരണസമിതിയിലെ ആറും ഐപിഎല്‍ ഭരണസമിതിയിലെ രണ്ടും സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 23ന് നടക്കും. 

തെരഞ്ഞെടുപ്പില്‍ നിന്ന് മുന്‍ ഐസിസി ചെയര്‍മാനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന എന്‍ ശ്രീനിവാസന്‍ നേരത്തെ പിന്‍മാറിയിരുന്നു. ബിസിസിഐ വാര്‍ഷിക യോഗത്തില്‍ തമിഴ്‌നാട് പ്രതിനിധിയായി പങ്കെടുക്കുമെന്ന നിലപാടില്‍ നിന്നാണ് ശ്രീനിവാസന്‍ പിന്‍വാങ്ങിയത്. ശ്രീനിവാസന്‍റെ വിശ്വസ്തനും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ ആര്‍ എസ് രാമസ്വാമി പകരം പ്രതിനിധിയാകും.