കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരുകയാണെങ്കില്‍ സന്തോഷമെന്ന് കോലി അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ കോലിയുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കി കോച്ചിനെ തെരഞ്ഞെടുക്കുന്ന ഉപദേശക സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് ഇന്ന് രംഗത്തെത്തി. ഇതിനുപിന്നാലെയാണ് കോലിയെ പിന്തുണച്ച് ഗാംഗുലി രംഗത്തെത്തിയത്. കോലിയാണ് ക്യാപ്റ്റന്‍, അതുകൊണ്ടുതന്നെ ആരാകണം കോച്ച് എന്നകാര്യത്തില്‍ അഭിപ്രായം പറയാന്‍ കോലിക്ക് അവകാശമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

കപില്‍ ദേവ്, ഗെയ്‌ക്‌വാദ് , ശാന്താ രംഗസ്വാമി എന്നിവടങ്ങിയ ഉപദേശക സമിതിയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയവരുമായി അഭിമുഖം നടത്തി തെരഞ്ഞെടുപ്പ് നടത്തുക. മുമ്പ് ഗ്രെഗ് ചാപ്പലിനെ ഇന്ത്യന്‍ പരിശീലകനാക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് അന്ന് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയായിരുന്നു. അതേ ചാപ്പല്‍ തന്നെ പിന്നീട് ഗാംഗുലിയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു.