ആഭ്യന്തര ക്രിക്കറ്റിനാണ് പ്രഥമിക പരിഗണന നല്‍കുക, യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും, പ്രതിസന്ധിഘട്ടത്തില്‍ ബിസിസിഐയെ മുന്നോട്ടുകൊണ്ടുപോകുമെന്നും ഗാംഗുലി

മുംബൈ: മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ അധ്യക്ഷന്‍. പ്രസിഡന്‍റായി എതിരില്ലാതെയാണ് ദാദ തെരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്ന് ഗാംഗുലി മാത്രം അപേക്ഷ സമര്‍പ്പിച്ചതോടെയാണിത്.

ആഭ്യന്തര ക്രിക്കറ്റിനാണ് പ്രാഥമിക പരിഗണന നല്‍കുക, യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും, പ്രതിസന്ധിഘട്ടത്തില്‍ ബിസിസിഐയെ മുന്നോട്ടുകൊണ്ടുപോകുമെന്നും ഗാംഗുലി പ്രതികരിച്ചു. അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ദാദ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അമരത്തെത്തിയത്. ഈ മാസം 23ന് നടക്കുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാവും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. 

ബിസിസിഐയുടെ മറ്റ് സ്ഥാനങ്ങളിലേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി. അനുരാഗ് ഠാക്കുറിന്റെ സഹോദരൻ അരുൺ ധുമാൽ ട്രഷററും ഗാംഗുലിയുടെ പിന്തുണയുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്‍ പ്രസിഡന്റ് ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എസ് കെ നായർക്കും ടി സി മാത്യുവിനും ശേഷം ബിസിസിഐ ഭാരവാഹിയാവുന്ന ആദ്യ മലയാളിയാണ് ജയേഷ് ജോർജ്.