മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിനിടെ ഇരുകൈയും കെട്ടി അല്‍പം ദേഷ്യത്തോടെ ആരെയോ നോക്കി നില്‍ക്കുന്ന ചിത്രം ഗാംഗുലി കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ഡെ നൈറ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ തന്റെ അഭിമാനപ്രശ്നം കൂടിയായിരുന്നു ഗാംഗുലിയെ സംബന്ധിച്ചിടത്തോളം കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്.

മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിനിടെ ഇരുകൈയും കെട്ടി അല്‍പം ദേഷ്യത്തോടെ ആരെയോ നോക്കി നില്‍ക്കുന്ന ചിത്രം ഗാംഗുലി കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിന് താഴെ ഗാംഗുലിയുടെ മകള്‍ സന പോസ്റ്റ് ചെയ്തൊരു കമന്റിന് ദാദ നല്‍കിയ മറുപടിയും അതിന് മകള്‍ നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

View post on Instagram

ആരെയാണ് ഇത്ര ദേഷ്യത്തോടെ നോക്കുന്നത് എന്നായിരുന്നു അച്ഛന്റെ ചിത്രത്തിന് താഴെ മകളുടെ കമന്റ്. അനുസരണക്കേട് കാട്ടുന്ന നിന്നെ തന്നെ എന്നായിരുന്നു ഇതിന് ഗാംഗുലി നല്‍കിയ മറുപടി. എന്നാല്‍ അത് താങ്കളില്‍ നിന്ന് പഠിച്ചതാണെന്നായിരുന്നു ഇതിന് മകള്‍ നല്‍കിയ മറുപടി. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സിനും 46 റണ്‍സിനുമാണ് ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയത്.