ഒന്‍പത് മാസത്തെ കാലാവധി മാത്രമുള്ള നിലവിലെ ഭരണസമിതിക്ക് പ്രമേയം പാസായാൽ മൂന്ന് വര്‍ഷം പദവിയിൽ തുടരാനാകും

മുംബൈ: ബിസിസിഐയുടെ നിര്‍ണായക ജനറല്‍ബോഡി യോഗം ഇന്ന് മുംബൈയിൽ ചേരും. സൗരവ് ഗാംഗുലിയുടെ അധ്യക്ഷതയിലാണ് യോഗം. ലോധാ സമിതി നിര്‍ദേശങ്ങള്‍ മറികടക്കാനുള്ള ഭരണഘടനാ ഭേദഗതി പ്രമേയം യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

ഒന്‍പത് മാസത്തെ കാലാവധി മാത്രമുള്ള നിലവിലെ ഭരണസമിതിക്ക് പ്രമേയം പാസായാൽ മൂന്ന് വര്‍ഷം പദവിയിൽ തുടരാനാകും. ഐസിസിയിലെ ബിസിസിഐ പ്രതിനിധിയാകാന്‍ എന്‍ ശ്രീനിവാസനും സൗരവ് ഗാംഗുലിയും ശ്രമിക്കുന്നതായും സൂചനയുണ്ട്. സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ട ക്രിക്കറ്റ് ഉപദേശക സമിതി
അംഗങ്ങളെയും ഇന്ന് പ്രഖ്യാപിച്ചേക്കും. 

ഒക്‌ടോബര്‍ 23നാണ് ബിസിസിഐ പ്രസിഡന്‍റായി സൗരവ് ഗാംഗുലി ചുമതലയേറ്റത്. മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് മുന്‍ ഇന്ത്യന്‍ നായകനായ ഗാംഗുലി സ്ഥാനമേറ്റത്. ബിസിസിഐ തലപ്പത്ത് എത്തും മുന്‍പ് അഞ്ച് വര്‍ഷക്കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു സൗരവ് ഗാംഗുലി. ഇതാണ് മൂന്ന് വര്‍ഷം ഭരണരംഗത്ത് ഇരിക്കാന്‍ ദാദയ്‌ക്ക് നിലവിലുള്ള തടസം.