കൊല്‍ക്കത്ത: മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ് ഇന്ത്യയിലേക്ക് ആദ്യമായി പകല്‍- രാത്രി ടെസ്റ്റ് കൊണ്ടുവന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരുന്നു. മത്സരത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ മത്സരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗാംഗുലി. 

ലോകകപ്പ് ഫൈനലാണെന്ന് തോന്നിപോയെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്. അദ്ദേഹം തുടര്‍ന്നു... ''കഴിഞ്ഞ ദിവസം കഴിഞ്ഞ ഇന്ത്യ- ബംഗ്ലാദേശ് പകല്‍- രാത്രി ടെസ്റ്റ് മത്സരം കാണികളുടെ സാന്നിധ്യം കൊണ്ട് ലോകകപ്പ് ഫൈനലാണെന്ന് തോന്നി. മത്സരം വ്യത്യസ്തമായ അനുഭവമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ഇതുപോലെ നിറഞ്ഞ സ്‌റ്റേഡിയങ്ങളില്‍ കളിക്കണം.'' ഗാംഗുലി പറഞ്ഞുനിര്‍ത്തി. 

മത്സരത്തിന്റെ ആദ്യ നാല് ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ മുഴുവനായും വിറ്റ് തീര്‍ന്നിരുന്നു. 50,000ത്തില്‍ കൂടുതല്‍ കാണികള്‍ മത്സരം കാണാനെത്തിയിരുന്നു.