അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാക് ഫൂട്ടിലായിരുന്ന ഇന്ത്യയെ ഡ്രൈവിംഗ് സീറ്റിലെത്തിച്ച റിഷഭ് പന്തിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. സമ്മര്‍ദ്ദഘട്ടത്തില്‍ റിഷഭ് പന്ത് പുറത്തെടുത്ത പ്രകടനത്തെ അവിശ്വസനീയമെന്നാണ് ഗാംഗുലി വിശേഷിപ്പിച്ചത്.

സമ്മര്‍ദ്ദ ഘട്ടത്തില്‍ എന്തൊരു പ്രകടനമായിരുന്നു പന്തിന്‍റേത്, അവിശ്വസനീയം എന്നെ പറയാനാകു. ഇതാദ്യമായല്ല, അവസനാത്തേതുമല്ല. ഈ പ്രകടനം തുടര്‍ന്നാല്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ചവനാവാന്‍ പന്തിന് കഴിയും. ഇതേ ആക്രമണോത്സുകതയില്‍ ബാറ്റിംഗ് തുടരൂ. അതുകൊണ്ടുണ്ടാണ് താങ്കള്‍ മാച്ച് വിന്നറാകുന്നതും ഇത്രയും സ്പെഷല്‍ ആകുന്നതും-ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205ന് മറുപടിയായി 146/6 ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ റിഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്നാണ് കരകയറ്റിയത്. ഇംഗ്ലണ്ട് ലീഡ് മറികടക്കുന്നതുവരെ മോശം പന്തുകള്‍ മാത്രം തെരഞ്ഞുപിടിച്ച് ശിക്ഷിച്ച് ഇരുവരും കരുതലോടെയാണ് കളിച്ചത്.

82 പന്തിലാണ് പന്ത് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇംഗ്ലണ്ട് സ്കോര്‍ മറികടന്നതോടെ ആക്രമിച്ചു കളിച്ച പന്ത് അടുത്ത അര്‍ധസെഞ്ചുറിക്കായി എടുത്തത് വെറും 32 പന്തുകള്‍ മാത്രമായിരുന്നു. 114 പന്തില്‍ തന്‍റെ കരിയറിലെ മൂന്നാമത്തെയും നാട്ടിലെ ആദ്യത്തെയും ടെസ്റ്റ് സെഞ്ചുറി കുറിച്ച പന്ത് ഇന്ത്യയെ അപകട മുനമ്പില്‍ നിന്ന് കരകയറ്റിയാണ് ക്രീസ് വിട്ടത്.