Asianet News MalayalamAsianet News Malayalam

'അമിത് ഷായുമായി രാഷ്‌ട്രീയം ചര്‍ച്ച ചെയ്തില്ല'; ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളി ഗാംഗുലി

ബിജെപിയെ പിന്തുണയ്ക്കുമെന്ന ഉപാധിയിൽ അല്ല ബിസിസിഐ പ്രസിഡന്‍റ് പദവിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ക്രിക്കറ്റ് ചര്‍ച്ച ചെയ്തില്ലെന്നും ഗാംഗുലി

Sourav Ganguly React to Bjp Join Rumours
Author
Kolkata, First Published Oct 16, 2019, 9:02 AM IST

കൊല്‍ക്കത്ത: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിസിസിഐയുടെ നിയുക്ത പ്രസിഡന്‍റ് സൗരവ് ഗാംഗുലി. 'മുന്‍പ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കണ്ടപ്പോഴും രാഷ്‌ട്രീയ ചോദ്യങ്ങളുണ്ടായിരുന്നു. ബിജെപിയെ പിന്തുണയ്ക്കുമെന്ന ഉപാധിയിൽ അല്ല ബിസിസിഐ പ്രസിഡന്‍റ് പദവിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ക്രിക്കറ്റ് ചര്‍ച്ച ചെയ്തില്ലെന്നും' കൊൽക്കത്തയിൽ ഗാംഗുലി പറഞ്ഞു.

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും മുന്‍പ് അമിത് ഷായുമായി ഗാംഗുലി കൂടിക്കാഴ്‌ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ സൃഷ്‌ടിച്ചത്. അമിത് ഷായുടെ ഇടപെടലോടെയാണ് ഗാംഗുലി അധ്യക്ഷ പദവിയിലെത്തിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് 10 മാസം മാത്രം തുടരാനാവുന്ന ഗാംഗുലി 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ നിയമിക്കുന്നതിൽ താൻ ഇടപെട്ടുവെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'ബിസിസിഐ പ്രസിഡന്റിനെ കണ്ടെത്താൻ തനിക്ക് യാതൊരു അധികാരവുമില്ല. ബിസിസിഐയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ നടപടിക്രമങ്ങളുണ്ട്. ഗാംഗുലിയെ ബിജെപിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. ഗാംഗുലി ബിജെപിയിൽ ചേര്‍ന്നാൽ സന്തോഷമേയുള്ളൂ' എന്നുമായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

ബിസിസിഐ പ്രസിഡന്‍റായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഈമാസം 23ന് ചുമതലയേൽക്കും. മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിലാണ് ഗാംഗുലി അടക്കമുള്ള പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുക. അനുരാഗ് താക്കൂർ, എൻ ശ്രീനിവാസൻ പക്ഷങ്ങൾ സമവായത്തിൽ എത്തിയതോടെ ബിസിസിഐയുടെ എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് ഒഴിവായി. 2020 ജൂണിൽ ഗാംഗുലിക്ക് ഭരണരംഗത്ത് നിന്ന് മാറിനിൽക്കേണ്ടിവരും. 

Follow Us:
Download App:
  • android
  • ios