കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ധീരനായ ക്യാപ്റ്റന്‍മാരിലൊരാളാണ് സൗരവ് ഗാംഗുലി. എന്നാല്‍ ചെറുപ്പത്തില്‍ താന്‍ പ്രേതത്തെ നേരില്‍ക്കണ്ട് ഞെട്ടിവിറച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഗാംഗുലി. 48-ാം ജന്‍മദിനത്തില്‍ സ്പോര്‍ട്സ് കീഡയുടെ ഫ്രീ ഹിറ്റ് ചാറ്റിലായിരുന്നു ബിസിസിഐ പ്രസിഡന്റ് കൂടായായ ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

ഞാനെന്റെ വീട്ടില്‍വെച്ച് പ്രേതത്തെ കണ്ടിട്ടുണ്ട്. എന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു ഞായറാഴ്ച വൈകിട്ട് കുടുംബത്തോടൊപ്പം വീടിന്റെ മുകള്‍ നിലയിലിരിക്കുകയായിരുന്നു ഞാന്‍. എനിക്കന്ന് 12-13 വയസേയുള്ളു. വീട്ടുകാര്‍ക്ക് ചായ വേണമെന്ന് തോന്നിയപ്പോള്‍ സഹായത്തിന് നില്‍ക്കുന്ന പയ്യനോട് ചായ ഇട്ടുതരാന്‍ പറയാനായി എന്നെയാണ് അടുക്കളയിലേക്ക് അയച്ചത്. ഞാന്‍ അടുക്കളയില്‍ ചെന്ന് നോക്കിയപ്പോ അവിടെ അയാളുണ്ടായിരുന്നില്ല. അയാളെ അടുക്കളയില്‍ കാണാനില്ലെന്ന് പറഞ്ഞപ്പള്‍ വീട്ടുകാര്‍ പറഞ്ഞത് ടെറസില്‍ പോയി നോക്കാനായിരുന്നു.

Also Read:കോലിയുടെ ടെസ്റ്റ് ടീമില്‍ നിന്ന് അഞ്ചുപേരെ തന്റെ ടീമിലേക്ക് തെരഞ്ഞെടുത്ത് ഗാംഗുലി; പൂജാരയില്ല

അവിടെ പോയി നോക്കിയപ്പോഴും കണ്ടില്ല. വീടിന് അടുത്ത് ഏതാനും ചെറിയ കുടിലുകളുണ്ടായിരുന്നു അവിടെയും നോക്കി കണ്ടില്ല. അപ്പോഴാണ് അയാള്‍ ഞങ്ങളുടെ ആറു നിലയുള്ള കെട്ടിടത്തിന്റെ ടെറസിന്റെ അരികലൂടെ അതിവേഗം ഓടുന്നത് കണ്ടത്. അവിടെ നിന്ന് താഴെ വീണാല്‍ പൊടി പൊലും കിട്ടില്ലെന്ന് ഉറപ്പാണ്. അയാളോട് ഇറങ്ങിവരാന്‍ ഞാന്‍ അലറിവിളിച്ച് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ഇതോടെ ഞാന്‍ ഓടി താഴെയിറങ്ങി അമ്മാവന്റെ അടുക്കലെത്തി അയാള്‍ക്ക് ഭ്രാന്തായെന്ന് തോന്നുന്നുവെന്ന് പറഞ്ഞു.

എല്ലാവരെയും കൂട്ടി ഞാന്‍ അവിടെ ചെന്നെങ്കിലും അയാളെ കണ്ടില്ല. അയാള്‍ ഓടുന്നതിനിടെ കാല്‍ തെറ്റി താഴെ വീണിട്ടുണ്ടാകാമെന്നാണ് ഞങ്ങളെല്ലാവരും കരുതിയത്. വീണിട്ടുണ്ടെങ്കില്‍ എവിടെയായിരിക്കും വീണിട്ടുണ്ടാകുക എന്ന് നോക്കാനായി ഞങ്ങള്‍ തിരഞ്ഞപ്പോള്‍ വിടിനോട് ചേര്‍ന്ന് നില്‍ക്കുന്ന പനകളിലെ ഓലയിലൊന്നില്‍ അയാള്‍ കിടക്കുന്നു. അയാളോട് താഴെയിറങ്ങാന്‍ ഞങ്ങള്‍ അവശ്യപ്പെട്ടെങ്കിലും അയാള്‍ കൂട്ടാക്കിയില്ല.

Also Read:ഗാംഗുലിക്ക് 48-ാം പിറന്നാള്‍; ദാദയെക്കുറിച്ച് അവര്‍ പറഞ്ഞത്

ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി അയാളെ കൈകാലുകള്‍ ബന്ധിച്ചാണ് താഴെയിറക്കിയത്. തൊട്ടടുത്ത ദിവസം വൈകിട്ട് അയാള്‍ തിരികെ ജോലിക്കെത്തി. എന്നാല്‍ അയാളെ കണ്ടതോടെ ഞങ്ങളെല്ലാവരും ഭയന്ന് ഓടാന്‍ തുടങ്ങി. എന്നാല്‍ ആരും ഓടരുതെന്ന് അയാള്‍ അപേക്ഷിച്ചു. ചില ദിവസങ്ങളില്‍ തന്റെ ദേഹത്ത് അമ്മ കയറിക്കൂടുമെന്നും അതുകൊണ്ടാണ് ഇന്നലെ അങ്ങനെയൊക്കെ അസാധരണമായി പെരുമാറിയതെന്നും അയാള്‍ പറഞ്ഞു. അങ്ങനെയാണ് ചെറുപ്പത്തില്‍ തന്നെ തനിക്ക് പ്രേതത്തെ കാണാനായതെന്നും ഗാംഗുലി പറഞ്ഞു.