ഭാവി മുന്നില്‍ക്കണ്ടാണ് കോലിയുടെ പ്രഖ്യാപനം. ടി20 ക്യാപ്റ്റനെന്ന നിലയില്‍ കോലി പുറത്തെടുത്ത മികവിന് അദ്ദേഹത്തോട് നന്ദി പറയുന്നു. വരാനിരിക്കുന്ന ലോകകപ്പില്‍ കോലിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. ഇന്ത്യക്കായി തുടര്‍ന്നും അദ്ദേഹം റണ്‍സടിച്ചുകൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു-ഗാംഗുലി

മുംബൈ: അടുത്തമാസം നടക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വിരാട് കോലിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കോലിയുടെ ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞ ഗാംഗുലി മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനാണ് അദ്ദേഹമെന്നും വ്യക്തമാക്കി.

ഭാവി മുന്നില്‍ക്കണ്ടാണ് കോലിയുടെ പ്രഖ്യാപനം. ടി20 ക്യാപ്റ്റനെന്ന നിലയില്‍ കോലി പുറത്തെടുത്ത മികവിന് അദ്ദേഹത്തോട് നന്ദി പറയുന്നു. വരാനിരിക്കുന്ന ലോകകപ്പില്‍ കോലിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. ഇന്ത്യക്കായി തുടര്‍ന്നും അദ്ദേഹം റണ്‍സടിച്ചുകൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു-ഗാംഗുലി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Scroll to load tweet…

ഇന്ത്യന്‍ ടീമിന്‍റെ ഭാവി മുന്നില്‍ക്കണ്ടുള്ള തീരുമാനമാണ് കോലിയുടേതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും പ്രതികരിച്ചു. ഇന്ത്യന്‍ ടീമിനായി കൃത്യമായൊരു മാര്‍ഗരേഖ ഞങ്ങളുടെ മുന്നിലുണ്ട്. ജോലിഭാരവും തലമുറമാറ്റവും കണക്കിലെടുത്താണ് കോലി നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ആറുമാസമായി ചര്‍ച്ച നടത്തിയും കൂടിയാലോചിച്ചുമാണ് അദ്ദേഹം ഈ തീരുമാനത്തിലെത്തിയത്. കളിക്കാരനെന്ന നിലയിലും സീനിയര്‍ താരമെന്ന നിലയിലും ഭാവി ടീമിനെ രൂപപപ്പെടുത്തുന്നതില്‍ കോലിക്ക് ഇനിയും നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്നും ജയ് ഷാ പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോലി ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ നായകസ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചത്. ഏകദിനങ്ങളിലും ടെസ്റ്റിലും നായകനായി തുടരുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.