മുംബൈ: കൊവിഡ് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അടുത്തവര്‍ഷത്തെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യ തന്നെ വേദിയാവുമെന്ന് ബിസിസിഐ അറിയിച്ചു. 2021 ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന സൂചന ഉണ്ടായിരുന്നു. 

ഈവര്‍ഷം നടക്കേണ്ടിയിരുന്ന ട്വന്റി 20 ലോകകപ്പ് 2022ലേക്ക് മാറ്റിവച്ചതും സംശയങ്ങള്‍ക്ക് കാരണമായിരുന്നു. ലോകകപ്പിന് വേദിയാവാന്‍ ഇന്ത്യ സജ്ജമാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും വ്യക്തമാക്കി. മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന്‌ഐസിസി വ്യക്തമാക്കി.

2016ല്‍ നടന്ന ട്വന്റി 20 ലോകകപ്പാണ് ഇന്ത്യയില്‍ അവസാനമായി നടന്ന ഐസിസി ടൂര്‍ണമെന്റ്. അന്ന് വെസ്റ്റ് ഇന്‍ഡീസായിരുന്നു ചാംപ്യന്മാര്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ അവസാന ഓവറില്‍ മറികടന്നാണ് വെസ്റ്റ് ഇന്‍ഡീസ് കിരീടം നേടിയത്.