കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ചരിത്രവിജയത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയയോട് ഫോളോ ഓണ്‍ വഴങ്ങിയ ശേഷവും തിരിച്ചുവന്ന് ഇന്ത്യ വിജയം നേടുമ്പോള്‍ ക്യാപ്റ്റന്‍ ഗാംഗുലിയായിരുന്നു. 2001 മാര്‍ച്ച് 15നായിരുന്നു ചരിത്ര വിജയം. 19 വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രനിമിഷം ഓര്‍ത്തെടുക്കുകയാണ് ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റായ ഗാംഗുലി. ട്വിറ്റിറില്‍ ഒരു വീഡിയോ പങ്കുവിച്ചാണ് ഗാംഗുലി ആ നിമിഷം ഓര്‍ത്തെടുക്കുന്നത്. 

വിജയത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ വിജയമാഘോഷിക്കുന്നതാണ് വീഡിയോ. എന്തൊരു വിജയം എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ഈഡനില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 445 റണ്‍സാണ് ഓസീസ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 171 എല്ലാവരും പുറത്തായി. ഇന്ത്യക്ക് ഫോളോഓണ്‍ വഴങ്ങേണ്ടി വന്നു. രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 657 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിവിഎസ് ലക്ഷ്മണ്‍ (281), രാഹുല്‍ ദ്രാവിഡ് (180) എന്നിവരുടെ ഇന്നിങ്സാണ്  ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 

പിന്നാലെ 384 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 212ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് 171 റണ്‍സിന്റെ ചരിത്ര വിജയം. ഗാംഗുലി പങ്കുവച്ച വീഡിയോ കാണാം...