കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിന് വ്യത്യസ്ത ക്യാപ്റ്റന്‍മാരെ ആവശ്യമില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടി20 മത്സരങ്ങളില്‍ രോഹിത് ശര്‍മയെ സ്ഥിരം നായകനാക്കണമെന്ന ആവശ്യം ഉയരവേയാണ് വിരാട് കോലിക്ക് പിന്തുണയുമായി ഗാംഗുലി എത്തിയിരിക്കുന്നത്. പകല്‍- രാത്രി മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ഗാംഗുലി പറഞ്ഞു.

തുടര്‍ച്ചയായി കളിക്കുന്നതുകൊണ്ടാണ് ഗാംഗുലിക്ക് വിശ്രമം നല്‍കിയതെന്നാണ് ഗാംഗുലി നല്‍കുന്ന വിശദീകരണം. അദ്ദേഹം തുടര്‍ന്നു... ''വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്ക് വെവ്വേറ ക്യാപ്റ്റന്‍മാര്‍  എന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നില്ല. തുടര്‍ച്ചയായി കളിക്കുന്നതിനാലാണ് കോലിക്ക് വിശ്രമം നല്‍കിയത്. അടുത്ത വഷത്തെ ട്വന്റി 20  ലോകകപ്പിനായി കെട്ടുറപ്പുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. 

ലോകകപ്പിന് മുന്‍പ് ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ന്യുസിലന്‍ഡ് എന്നിവര്‍ക്കെതിരെ 13 ടി20യിലാണ് ഇന്ത്യ കളിക്കുക. ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ കൂടുതല്‍ പ്രാധാന്യം നല്‍കും. ഇന്ത്യയില്‍ വര്‍ഷത്തില്‍ ഒരു ടെസ്റ്റെങ്കിലും രാത്രിയും പകലുമായി കളിക്കും. വിദേശ പര്യടനങ്ങളിലും ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.'' ഗാംഗുലി വ്യക്തമാക്കി.