കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ളത്. കൊറോണക്കാലത്തെ ടെസ്റ്റ് പരമ്പര ആയതിനാല്‍ ഏറെ പ്രത്യേകതകളുള്ള പരമ്പരയാണിത്. ഇന്ത്യന്‍ താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ത്യന്‍ ടീമിന്‍ ഓസീസ് പര്യടനം എങ്ങനെയൊക്കെ ആയിരിക്കുമെന്ന് പറയുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയേണ്ടിവരുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ഗാംഗുലി പറയുന്നത്. അദ്ദേഹം തുടര്‍ന്നു.. ''ഡിസംബറിലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. രണ്ടാഴ്ചയാണ് ക്വാറന്റൈന്‍ കാലയളവ്. എന്നാല്‍ രണ്ടാഴ്ചയെന്നത് കുറയുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയില്‍ പോയി രണ്ടാഴ്ച ഹോട്ടല്‍ റൂമില്‍ ക്വാറന്റൈനില്‍ കഴിയുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് വളരെയേറെ താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കും. അതുകൊണ്ട് ക്വാറന്റൈലില്‍ കഴിയേണ്ട ദിവസങ്ങളെ കുറിച്ച് വീണ്ടും ആലോചിക്കും.'' ഗാംഗുലി പറഞ്ഞുനിര്‍ത്തി.

ഇംഗ്ലണ്ട് പര്യടനത്തിനായെത്തിയ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. പാകിസ്ഥാന്‍ താരങ്ങളും ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ക്വാറന്റൈനിലാണ്. അതുകൊണ്ടുതന്നെ തന്നെ ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടെ നാല് ടെസ്റ്റും ഏകദിന പരമ്പരയുമാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കുന്നത്.