കൊല്‍ക്കത്ത: ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബിന്‍റെ(എംസിസി) മീറ്റിംഗില്‍ സൗരവ് ഗാംഗുലി പങ്കെടുക്കില്ല. അമ്മയ്‌ക്ക് സുഖമില്ലാത്തതിനാലാണ് ഇന്ത്യന്‍ ഇതിഹാസം മീറ്റിംഗില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ലോര്‍ഡ്‌സില്‍ ഓഗസ്റ്റ് 11, 12 തിയതികളിലാണ് മൈക്ക് ഗാറ്റിംഗ് അധ്യക്ഷനായ സമിതി യോഗം ചേരുന്നത്. ക്രിക്കറ്റ് നേരിടുന്ന പ്രശ്‌നങ്ങളും ആവശ്യമായ മാറ്റങ്ങളും ചര്‍ച്ച ചെയ്യാന്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് എംസിസി യോഗം ചേരാറ്. 

എന്നാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജകമരുന്ന് പരിശോധന നടത്താന്‍ സമ്മതം മൂളിയ ബിസിസിഐ നീക്കത്തോട് ദാദ പ്രതികരിച്ചില്ല. ഇനിമുതല്‍ നാഡ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കളിക്കാരെ ഉത്തേജകമരുന്ന് പരിശോധനക്ക് വിധേയരാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവും.