കൊച്ചിയില്‍ നിന്ന് നേരെ മുംബൈയിലേക്ക് പോകുന്ന ഗാംഗുലി 23ന് ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കും

കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കാണാന്‍ നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി റാഞ്ചിയിലേക്ക് പോവില്ല. ഈ മാസം 20ന് കൊച്ചിയില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് റാഞ്ചി ടെസ്റ്റിന് പോവാന്‍ കഴിയാത്തതെന്ന് ഗാംഗുലി പറഞ്ഞു. 19നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് റാഞ്ചിയില്‍ തുടങ്ങുന്നത്.

ഇത്തവണത്തെ ഐഎസ്എല്ലിന്റെ ഉദ്ഘാടകന്‍ ഗാംഗുലിയാണ്. ഇത്തവണ ഐഎസ്എല്ലിന്റെ മുഖമാണ് താനെന്നും അവര്‍ക്ക് വേണ്ടി പരസ്യത്തില്‍ അഭിനയിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. കൊച്ചിയില്‍ നിന്ന് നേരെ മുംബൈയിലേക്ക് പോകുന്ന ഗാംഗുലി 23ന് ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കും. ബിസിസിഐ പ്രസിഡന്റാവുന്ന സാഹചര്യത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്റര്‍ സ്ഥാനം ഒഴിയുമെങ്കിലും ബംഗാളി ടെലിവിഷനിലെ റിയാലിറ്റി ഷോ ആയ ദാദാഗിരിയിലും പരസ്യങ്ങളിലും തുടര്‍ന്നും അഭിനയിക്കുമെന്നും ഗാംഗുലി പറഞ്ഞു.

കമന്ററി, കോളമെഴുത്ത്, ഐപിഎല്‍ ഷോ എന്നിവയിലും ഇനി തുടരില്ലെന്നും ഗാംഗുലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സ്ഥാനം വലിയ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും ആദ്യവാരം തന്നെ വിവിധ കമ്മിറ്റികളുടയും അപെക്സ് കൗണ്‍സിലിന്റെയും യോഗം വിളിക്കേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു. ഐഎസ്എല്ലില്‍ കൊല്‍ക്കത്ത ടീമുമായുള്ള ബന്ധം തുടരുമോ എന്ന കാര്യത്തില്‍ അവരുമായി സംസാരിച്ചിട്ടില്ലെന്നും ഉടനെ സംസാരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.