കൊല്‍ക്കത്ത: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയെ പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗാംഗുലിയുടെ ഹൃദയധമനികളില്‍ രണ്ടിടത്ത് ബ്ലോക്കുണ്ടായിരുന്നുവെന്നും ഇവ നീക്കം ചെയ്യാനുള്ള സ്റ്റെന്‍റ് നിക്ഷേപിച്ചുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

രാവിലെ വീട്ടിലെ ജിമ്മില്‍ പതിവ് വ്യായാമത്തിനിടെയാണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഗാംഗുലിയുടെ ചികിത്സക്കായി ആശുപത്രി അധികൃതര്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്.

ഗാംഗുലിക്ക് നേരിയ ഹൃദയാഘാതം ഉണ്ടായതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ദില്ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരുണ്‍ ജയ്റ്റ്ലിയുടെ പ്രതിമ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിന്‍റെ വേദികളിലൊന്നായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ കഴിഞ്ഞ ദിവസമെത്തി ഗാംഗുലി ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു.