ഒരൊറ്റ തോല്‍വി കൊണ്ട് നിഗമനങ്ങളില്‍ എത്താന്‍ പാടില്ല. ടീം ഇന്ത്യക്ക് എക്കാലവും പ്രതിഭയുള്ള താരങ്ങളുണ്ട് എന്നും ദാദ
കൊല്‍ക്കത്ത: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരായ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ഇന്ത്യന്‍ സ്‌ക്വാഡിലെ പല താരങ്ങളും കരിയറിലെ അവസാന കാലഘത്തിലാണ് എന്നതില്‍ ഭാവി താരങ്ങളെ തെരഞ്ഞെടുക്കേണ്ട സമയമാണിത് എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു. അടുത്ത ലോക ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ പൂര്‍ത്തിയാകുമ്പോഴേക്ക് നിലവിലെ ടെസ്റ്റ് ടീമിലെ എത്ര പേര്‍ സജീവ ക്രിക്കറ്റിലുണ്ടാകും എന്ന ചോദ്യ സജീവമാണ്. എങ്കിലും ഇപ്പോള്‍ ഒരു നിഗമനത്തില്‍ എത്തിച്ചേരാനായിട്ടില്ല എന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ മുന്നോട്ട് നയിക്കാനുള്ള താരങ്ങള്‍ അവസരം കാത്തിരിപ്പുണ്ടെന്നും ബിസിസിഐ പ്രസിഡന്‍റും ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി വ്യക്തമാക്കി.
'ഒരൊറ്റ തോല്‍വി കൊണ്ട് നിഗമനങ്ങളില്‍ എത്താന്‍ പാടില്ല. ടീം ഇന്ത്യക്ക് എക്കാലവും പ്രതിഭയുള്ള താരങ്ങളുണ്ട്. വിരാട് കോലിക്ക് 34 വയസേ ആയിട്ടുള്ളൂ. കോലിക്കും ചേതേശ്വര്‍ പൂജാരയ്‌ക്കും അപ്പുറം ചിന്തിക്കേണ്ട സമയമായിട്ടില്ല. ഇന്ത്യക്ക് നല്ല റിസര്‍വ് താരങ്ങളുണ്ട്. ഐപിഎല്‍ പ്രകടനം അടിസ്ഥാനപ്പെടുത്തിയല്ല ഇത് പറയുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച താരങ്ങളുണ്ട്. അവര്‍ക്ക് അവസരം നല്‍കുക. അത് യശസ്വി ജയ്‌സ്വാളാകാം രതജ് പടീദാറാവാം. ബംഗാളില്‍ നിന്നുള്ള അഭിമന്യൂ ഈശ്വര്‍ ഏറെ റണ്‍സ് നേടിയിട്ടുള്ള താരമാണ്. ശുഭ്‌മാന്‍ ഗില്‍ യുവതാരമാണ്. റുതുരാജ് ഗെയ്‌ക്‌വാദുണ്ട് നമുക്ക്. ഹാര്‍ദിക് പാണ്ഡ്യ ഇത് കേള്‍ക്കുന്നുണ്ട് എന്നാണ് വിശ്വാസം. പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്, പ്രത്യേകിച്ച് വിദേശ പിച്ചുകളില്‍' എന്നുമാണ് ഗാംഗുലിയുടെ വാക്കുകള്‍.
നടുവിനേറ്റ പരിക്കിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല ഹാര്‍ദിക് പാണ്ഡ്യ. മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ഐപിഎല്ലിലും താരം കളിച്ചിരുന്നു. 2018 സെപ്റ്റംബറിലാണ് ഹാര്‍ദിക് അവസാനമായി ടീം ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. കരിയറിലെ 11 ടെസ്റ്റുകളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളും സഹിതം 31.29 ശരാശരിയില്‍ 532 റണ്‍സ് പാണ്ഡ്യ നേടി. ഇതിനൊപ്പം 17 വിക്കറ്റും താരത്തിന്‍റെ പേരിലുണ്ട്. ഒരു അഞ്ച് വിക്കറ്റ് നേട്ടം സഹിതമാണിത്. 2018 ഡിസംബറിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാത്തതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുണ്ടാവില്ല എന്ന് ഹാര്‍ദിക് പാണ്ഡ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read more: തോറ്റതിന്‍റെ ക്ഷീണം ആരാധകര്‍ക്ക് മാറുന്നില്ല; രോഹിത് ശര്‍മ്മ കുടുംബസമേതം ട്രിപ്പില്‍- ചിത്രം പുറത്ത്
