ജൂലൈ ആദ്യം കരീബിയന്‍ മണ്ണിലേക്ക് പറക്കുംവരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമ വേളയാണ്
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടതിന്‍റെ നിരാശയിലാണ് ആരാധകര്‍. തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ഇന്ത്യന്‍ ടീം പരാജയം നേരിട്ടത് എന്നത് തോല്‍വിയുടെ ആക്കംകൂട്ടി. ഓവലിലെ കലാശപ്പോരിന് ശേഷം അവധി ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. നായകന്‍ രോഹിത് ശര്‍മ്മ ഭാര്യ റിതികയ്‌ക്കും മകള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ ഹിറ്റ്‌മാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ രോഹിത്തും കുടുംബവും എവിടെയാണുള്ളത് എന്ന് വ്യക്തമല്ല.
വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ടീം ഇന്ത്യക്ക് ഇനി വരാനിരിക്കുന്നത്. ജൂലൈ 12ന് ഡൊമിനിക്കയില്‍ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കും. ജൂലൈ ആദ്യം കരീബിയന്‍ മണ്ണിലേക്ക് പറക്കുംവരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമ വേളയാണ്. ഇതിനാലാണ് രോഹിത് ശര്‍മ്മ കുടുംബസമേതം അവധിക്കാലം ചിലവഴിക്കുന്നത്. ജൂലൈ 20ന് ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ രണ്ടാം ടെസ്റ്റ് തുടങ്ങും. ഇതിന് ശേഷം ജൂലൈ 27, 29, ഓഗസ്റ്റ് 1 തിയതികളില്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പര നടക്കും. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്ക് ബാര്‍ബഡോസും മൂന്നാമത്തേതിയും ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാഡമിയുമാണ് വേദി. അഞ്ച് മത്സരങ്ങളുള്ള ട്വന്‍റി 20 പരമ്പരയും ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുണ്ട്. ഓഗസ്റ്റ് 3, 6, 8, 12, 13 തിയതികളാണ് ടി20 പരമ്പര. ഇതിലെ നാലും അഞ്ചും മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ഫ്ലോറിഡയാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം തോറ്റെങ്കിലും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രോഹിത് ശര്‍മ്മ തന്നെ ക്യാപ്റ്റനായി തുടരും. എന്നാല്‍ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ഹിറ്റ്‌മാന് നിര്‍ണായകമാകും ഈ പരമ്പര. രണ്ട് ടെസ്റ്റുകളില്‍ ജയിക്കുന്നതിനൊപ്പം റണ്ണടിച്ച് കൂട്ടിയില്ലെങ്കില്‍ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി തെറിക്കാനിടയുണ്ട്. രോഹിത് തിളങ്ങിയില്ലെങ്കില്‍ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലേക്ക് പുതിയ ക്യാപ്റ്റനെ ബിസിസിഐ തിരഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ട്. ഓസീസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിനായിരുന്നു രോഹിത് ശര്‍മ്മയും സംഘവും ദയനീയ പരാജയം നേരിട്ടത്.
Read more: തീപാറും, ആഷസ് പരമ്പരയിലും ബാസ്‌ബോള്‍; ഓസ്‌ട്രേലിയക്ക് കനത്ത മുന്നറിയിപ്പുമായി ബെന്‍ സ്റ്റോക്‌സ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
