കൊല്‍ക്കത്ത: ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ ഇന്ത്യ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് വാദിച്ച് വീണ്ടും സൗരവ് ഗാംഗുലി രംഗത്ത്. 'രോഹിത്തിനെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് നേരത്തെ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. രോഹിത് മികച്ച താരമാണ്. അതിനാല്‍ ഓപ്പണറായി അവസരം നല്‍കണമെന്നാണ് ഇപ്പോഴും തന്‍റെ നിലപാട്' എന്നും ടൈംസ് ഓഫ് ഇന്ത്യയിലെ കോളത്തില്‍ ദാദ കുറിച്ചു. 

അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും മികവ് തെളിയിച്ചതിനാല്‍ മധ്യനിരയില്‍ രോഹിത്തിനെ പരീക്ഷിക്കേണ്ട കാര്യമില്ലെന്നും ദാദ പറയുന്നു. ഓപ്പണിംഗിലാണ് ഇപ്പോഴും മാറ്റങ്ങള്‍ വരേണ്ടത്. മായങ്ക് മികച്ച താരമാണ്, എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ആവശ്യമാണ്. കെ എല്‍ രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഓപ്പണിംഗില്‍ ഒരു സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ആ സ്ഥാനത്തേക്കാണ് രോഹിത്തിനെ പരിഗണിക്കേണ്ടതെന്നും ഗാംഗുലി വ്യക്തമാക്കി. 

'ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു രോഹിത് ശര്‍മ്മ. രോഹിത് ശര്‍മ്മ മുന്‍പ് ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും നടന്ന ടെസ്റ്റ് പരമ്പരകളില്‍ സ്ഥിരത കാട്ടിയിരുന്നില്ല. എന്നാല്‍ ലോകകപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ രോഹിത് ശര്‍മ്മയെ ടെസ്റ്റ് ഓപ്പണറാക്കണം എന്നാണ് തന്‍റെ നിര്‍ദേശം. മധ്യനിര സന്തുലിതമാക്കാന്‍ രഹാനെ മികച്ച പ്രകടനം തുടരണം എന്നുമായിരുന്നു ഗാംഗുലി നേരത്തെ പറഞ്ഞത്.