കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് എം എസ് ധോണിയെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ നടപടി തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ധോണിയെ ടീമിലെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗാംഗുലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഋഷഭ് പന്തിനാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. അതുകൊണ്ടുതന്നെ പന്തിന് തന്നെ തുടര്‍ന്നും അവസരം നല്‍കാനാണ് സെലക്ടര്‍മാര്‍ ഉദ്ദേശിക്കുന്നത്. അത് ശരിയായ നടപടിയാണ്. ധോണിയ ചെറുപ്പമായിരുന്നപ്പോള്‍ ഇതുപോലെ അദ്ദേഹത്തിനും അവസരം നല്‍കിയിട്ടുണ്ട്-ഗാംഗുലി പറഞ്ഞു.

ഋഷഭ് പന്തിനെയും എം എസ് ധോണിയെയും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ക്യാപ്റ്റന്‍ വിരാട് കോലിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും ഗാംഗുലി പറഞ്ഞു. ധോണിയില്‍ നിന്ന് കോലി എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയില്ല. അതുപോലെ സെലക്ടര്‍മാരോടും ടീം മാനേജ്മെന്റിനോടും കോലിയോടും ധോണി എന്താണ് പറഞ്ഞിരിക്കുന്നത് എന്നും എനിക്കറിയില്ല.എല്ലാ കായികതാരങ്ങള്‍ക്കും കരിയറിയില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട ഒരു ഘട്ടമുണ്ട്. മറഡോണയും പീറ്റ് സാംപ്രാസും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമെല്ലാം ഇത്തരംഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരാണെന്നും ഗാംഗുലി പറഞ്ഞു.

ധോണി വീണ്ടും കളിക്കണമെന്ന് കോലിയും ടീം മാനേജ്മെന്റും ആഗ്രഹിച്ചാല്‍ അദ്ദേഹം ഇനിയും കളിക്കും. ധോണിയില്ലാതെ മുന്നോട്ട് പോവാനാണ് തീരുമാനമെങ്കില്‍ ധോണിക്ക് തിരിച്ചുവരവ് എളുപ്പമാകില്ല. ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുതെന്നും ഗാംഗുലി വ്യക്തമാക്കി. ഋഷഭ് പന്തിന് ഒരിക്കലും ധോണിയാകാനാവില്ല. കാരണം ഇന്നത്തെ ധോണിയുണ്ടായത് കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തെ കഠിന പ്രയത്നം കൊണ്ടാണ്. അതുപോലെ അടുത്ത മൂന്നോ നാലോ കൊല്ലത്തേക്ക് എങ്കിലും പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും ഗാംഗുലി പറഞ്ഞു.